ലക്നൗ: ചോദ്യ പേപ്പർ ചോർച്ച തടയുന്നതിന് പുതിയ ഓർഡിനൻസ് പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ ഓർഡിനൻസിന് അനുമതി നൽകിയത്. പ്രവേശന പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്നുള്ള രാഷ്‌ട്രീയ വിവാദങ്ങൾക്കിടയിലാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്.
പുതിയ ഓർഡിനൻസ് പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പ്രതിയ്‌ക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു കോടി രൂപ പിഴയുമാണ് ശിക്ഷ. പരീക്ഷ നടത്തിപ്പിൽ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തുന്ന കമ്പനിയെ ആജീവനാന്തം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഓർഡിനൻസിൽ വ്യക്തമാക്കുന്നുണ്ട്.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ഓർഡിനൻസ് അടുത്ത മാസം നടക്കുന്ന സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കും. ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസം നടന്ന നീറ്റ്- യുജി പരീക്ഷയിലും ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ രണ്ട് പ്രവേശന പരീക്ഷകളാണ് മാറ്റിവച്ചത്.
പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുളള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഡയറക്ടർ ജനറൽ സുബോധ് സിംഗിനെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നീക്കിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.