ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 50 വർഷത്തിനുശേഷം ഇതാദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ആവേശകരമായ മത്സരം നടക്കുന്നത്. ഫലം ഏറെക്കുറെ സുനിശ്ചിതമായ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് വേണ്ടി മുൻ സ്പീക്കർ ഓം ബിർള തന്നെ വീണ്ടും മത്സരിക്കുമ്പോൾ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിനിധിയായി കോൺഗ്രസ് നേതാവും മുതിർന്ന ലോക്സഭാ എംപിയുമായ കൊടിക്കുന്നിൽ സുരേഷ് രംഗത്തിറങ്ങും. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം രാഷ്‌ട്രപതി ദ്രൗപദി മുർമു നാളെ പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഇത് മൂന്നാം തവണയാണ് ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ സെക്രട്ടറിയേറ്റിന്റെ കണക്കുപ്രകാരം 1952 ൽ ജിവി മാവലങ്കറും ശങ്കർ തന്ത്രവും തമ്മിലാണ് ആ്ദ്യമായി മത്സരം നടക്കുന്നത്. അന്ന് കോൺഗ്രസിന്റെ മാവലങ്കർ 394 വോട്ടുകൾക്ക് ജയിച്ചപ്പോൾ ശാന്താറാം 55 വോട്ടുകളാണ് നേടിയത്. പിന്നീട് 1976 ലായിരുന്നു ചരിത്രത്തിലെ രണ്ടാമത്തെ സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നത്. ബലിറാം ഭഗത്തും ജഗന്നാഥ് റാവുവും തമ്മിൽ നടന്ന മത്സരത്തിൽ 344 വോട്ടുകൾ നേടി ബലിറാം ഭഗത് ജയിച്ചു. ഇത്തവണ എൻഡിഎ സഖ്യത്തിന്റെ പ്രതിനിധിക്കാണ് വിജയമെന്നത് ഏറെക്കുറെ ഉറപ്പായതിനാൽ കണക്കുകൾക്ക് വലിയ പ്രസക്തിയില്ല.
മുൻപ് പതിനേഴാം ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്ന് സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് നിർദ്ദേശിച്ചത്. രാജസ്ഥാനിലെ കോട്ട ലോക്സഭാ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ ബിജെപി എംപിയായി തെരഞ്ഞെടുക്കപ്പെട്ട ബിർള രണ്ടാം തവണയും വിജയം ഉറപ്പിച്ചാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അതേസമയം കേരളത്തിൽ നിന്ന് 7 തവണ എംപിയായയി ലോക്സഭയിലെത്തിയിട്ടുള്ള കൊടിക്കുന്നിലിന് ഇത് ആദ്യ ഊഴമാണ്.















