ന്യൂഡൽഹി: ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാലസ്തീൻ അനുകൂല മുദ്ര്യവാക്യം വിളിച്ച എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ബിജെപി. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഈ വിവാദ പരാമർശത്തിന്മേൽ ഒവൈസിയെ പാർലമെന്റിൽ നിന്നും അയോഗ്യനാക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന വാദവുമായി ഒവൈസി തന്റെ പരാമർശത്തെ ന്യായീകരിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് ഒവൈസിയെ അയോഗ്യനാക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കുന്നത്. ആർട്ടിക്കിൾ 102 പ്രകാരം ഒരു വിദേശ രാജ്യത്തോട് കൂറും വിധേയത്വവും പ്രകടിപ്പിച്ച അസദുദ്ദീൻ ഒവൈസിയെ ലോക്സഭാ അംഗത്വത്തിൽ അയോഗ്യനാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ സെക്രട്ടറിയേറ്റ് അക്കൗണ്ടും അമിത് മാളവ്യ പോസ്റ്റിനൊപ്പം ടാഗ് ചെയ്തിട്ടുണ്ട്.
ഭരണഘടനയിലെ ആർട്ടിക്കിൾ 102 ൽ ഏതൊക്കെ സാഹചര്യത്തിലാണ് പാർലമെന്റ് അംഗങ്ങൾ അയോഗ്യരാക്കപ്പെടുന്നതെന്ന് വിശദീകരിക്കുന്നുണ്ട്. “ഇന്ത്യൻ പൗരൻ അല്ലാത്ത വ്യക്തിയോ, അല്ലെങ്കിൽ സ്വമേധയാ വിദേശ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചയാളോ അതുമല്ലെങ്കിൽ വിദേശ രാജ്യങ്ങളോട് പ്രകടമായി കൂറും വിധേയത്വവും പുലർത്തുന്നുവെങ്കിലോ “എന്നിങ്ങനെയാണ് അയോഗ്യതയുടെ വ്യവസ്ഥകളായി പറയുന്നത്. ഇതിൽ “പ്രകടമായി വിദേശ രാജ്യങ്ങളോട് കൂറും വിധേയത്വവും പുലർത്തുന്നുവെങ്കിൽ” എന്ന ഭാഗമാണ് അമിത് മാളവ്യ തന്റെ സമൂഹ മാദ്ധ്യമ പോസ്റ്റിൽ ഉയർത്തിക്കാട്ടിയിരിക്കുന്നത്.
സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ഒവൈസി പാലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചതിനെതിരെ പാർലമെന്റിൽ ബിജെപി എംപിമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് ഇത് സഭയിലെ റെക്കോർഡിൽ നിന്നും നീക്കം ചെയ്തു. വിഷയത്തിൽ ഒവൈസിയുടെ പരാമർശം തള്ളി ബിജെപി നടപടിക്ക് ആഹ്വാനം ചെയ്തു. ഒവൈസിയുടെ പരാമർശങ്ങൾ തികച്ചും തെറ്റാണെന്നും പാർലമെന്റ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പറഞ്ഞു. ഇന്ത്യയിൽ ജീവിക്കുന്ന അദ്ദേഹത്തിന് ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയാൻ കഴിയില്ല. പക്ഷെ അദ്ദേഹത്തിന് പാലസ്തീനെ വാഴ്‌ത്താൻ കഴിയും,” മന്ത്രി പറഞ്ഞു.