ഹേഗ് (നെതർലാൻഡ്‌സ്): റഷ്യൻ സൈനിക മേധാവിക്കും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. യുക്രെയ്‌നിലെ ജനവാസകേന്ദ്രങ്ങൾ ആക്രമിച്ചതിന് മുൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു, ജനറൽ വലേരി ജെറാസിമോവ് എന്നിവർക്കെതിരെയാണ് അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി) എതിരെ നടപടി എടുത്തത്.
യുക്രെയ്‌നിലെ ജനവാസകേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിന് നേതൃത്വം നൽകിയതിന് യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും കോടതി അവർക്ക് മേൽ ചുമത്തിയിട്ടുണ്ട്.
യുക്രേനിയൻ ഇലക്ട്രിക് ഇൻഫ്രാസ്ട്രക്ചറിനെതിരെ റഷ്യൻ സായുധ സേന നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ഇവരാണെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് ജഡ്ജിമാർ പരിഗണിച്ചതിനാലാണ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് ഹേഗ് ആസ്ഥാനമായുള്ള കോടതി ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
2022 ഒക്ടോബർ 10 മുതൽ 2023 മാർച്ച് 9 വരെയുള്ള കാലയളവിൽ, നിരവധി ഇലക്ട്രിക് പവർ പ്ലാൻ്റുകൾക്കും ഉപ-സ്റ്റേഷനുകൾക്കുമെതിരെ ഉക്രെയ്നിലെ ഒന്നിലധികം സ്ഥലങ്ങളിൽ റഷ്യൻ സായുധ സേന നിരവധി ആക്രമണങ്ങൾ നടത്തി,” കോടതി പ്രസ്താവനയിൽ പറഞ്ഞു.
ഉക്രെയ്നിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു .
റഷ്യ നിലവിൽ അന്താരാഷ്‌ട്ര കോടതിയിൽ അംഗമല്ല, അതിന്റെ അധികാരപരിധി അംഗീകരിക്കുന്നുമില്ല. അതിനാൽ തന്നെ കുറ്റാരോപിതരെ കൈമാറാൻ റഷ്യക്ക് ബാധ്യതയില്ല.
റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ (മധ്യഭാഗം), വലേരി ജെറാസിമോവ് (ഇടത്), സെർജി ഷോയിഗു
അഞ്ചാം തവണ പ്രസിഡൻ്റായി അധികാരമേറ്റപ്പോൾ നടന്ന കാബിനറ്റ് അഴിച്ചുപണിയിൽ പുടിൻ പ്രതിരോധ മന്ത്രി ഷൊയ്ഗുവിനെ റഷ്യയുടെ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി നിയമിച്ചു.
മോസ്കോയ്‌ക്കെതിരായ ഹൈബ്രിഡ് യുദ്ധത്തിന്റെ ഭാഗമാണ് ഷോയിഗുവിനെതിരെ ഐസിസിയുടെ അറസ്റ്റ് വാറണ്ട് എന്ന് സെക്യൂരിറ്റി കൗൺസിൽ ചൊവ്വാഴ്ച പറഞ്ഞതായി സർക്കാർ നടത്തുന്ന വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
ഉക്രെയ്നിന്റെ ഊർജ ഇൻഫ്രാസ്ട്രക്ചർ നിയമാനുസൃതമായ സൈനിക ലക്ഷ്യമാണെന്ന് ആവർത്തിച്ച് പറഞ്ഞ റഷ്യ തങ്ങൾ സാധാരണക്കാരെയോ സിവിലിയൻ ഇൻഫ്രാസ്ട്രക്ചറിനെയോ ലക്ഷ്യമിട്ടു എന്ന ആരോപണം നിഷേധിക്കുകയും ചെയ്തു.