മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ക്ഷണിച്ച് അംബാനി കുടുംബം. ഷിൻഡെയുടെ വസതിയിലെത്തിയ അനന്തും രാധികയും അദ്ദേഹത്തിന് ക്ഷണകത്ത് കൈമാറി. മുകേഷ് അംബാനിയും ഇരുവരുടേയും ഒപ്പം ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
മുകേഷ് അംബാനിയെയും കുടുംബത്തെയും പൂച്ചെണ്ട് നൽകിയാണ് ഷിൻഡെ സ്വീകരിച്ചത്. അടുത്ത മാസം 12-നാണ് അനന്തിന്റെയും രാധികയുടെയും വിവാഹം നടക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററാണ് വിവാഹവേദി.
മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ വിശിഷ്ട അതിഥികളായി രാഷ്‌ട്രീയ, ബിസിനസ്, സിനിമാ മേഖലകളിലുള്ളവർ പങ്കെടുക്കുമെന്നാണ് വിവരം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ ഈ മാസം 29-നാണ് തുടങ്ങുന്നത്.
കഴിഞ്ഞ മാസം അവസാനവും ആഘോഷങ്ങൾ നടന്നിരുന്നു. ആഡംബര ക്രൂയിസ് കപ്പലിലാണ് ആഘോഷ പരിപാടികൾ ഒരുക്കിയിരുന്നത്. ഇറ്റലിയിൽ നിന്ന് ആരംഭിച്ച് ഫ്രാൻസിൽ അവസാനിക്കുന്നതായിരുന്നു ആഘോഷം.