കോഴിക്കോട്: ഇസ്ലാമിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ചില മാനദണ്ഡങ്ങളുണ്ടെന്ന് സമസ്ത സംസ്ഥാന അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് സമസ്ത എതിരല്ല. എന്നാൽ അതിനു ചില അതിർവരമ്പുകൾ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. ആ അതിർവരമ്പിൽ നിന്നുകൊണ്ട് സ്ത്രീകൾ വിദ്യാഭ്യാസം നേടണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ വിദ്യാഭ്യാസം എതിർക്കപ്പെടേണ്ട ഒന്നല്ല. അവർക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സമസ്ത ചെയ്തുനൽകിയിട്ടുണ്ട്. പക്ഷെ, സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് ചില ചില മാനദണ്ഡങ്ങൾ പ്രകാരമാകണം. ഇസ്ലാം നിർദേശിക്കുന്ന അതിർവരമ്പുകൾ സ്ത്രീകൾ പാലിക്കണം. മതം നിർദേശിക്കുന്ന അതിർവരമ്പുകളിൽ നിന്നാകണം സ്ത്രീകൾ വിദ്യാഭ്യാസം നേടേണ്ടതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പ്രതികരിച്ചു. സമസ്തയുടെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകൾ.
സമാനമായ സ്ത്രീവിരുദ്ധ നിലപാടുകളാണ് സമസ്ത നേരത്തെയും മുന്നോട്ടുവച്ചിട്ടുള്ളത്. മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് സർട്ടിഫിക്കറ്റ് നൽകാൻ വേദിയിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് സമസ്ത സ്വീകരിച്ച നിലപാട് നേരത്തെ വിവാദമായിരുന്നു. ചടങ്ങിൽ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച നടപടിയെ സമസ്ത ശക്തമായി എതിർത്തു. സംഭവം വലിയ വിമർശനങ്ങൾക്കിടയാക്കിയെങ്കിലും പ്രസ്താവന തിരുത്താനോ നിലപാട് മാറ്റാനോ സമസ്ത തയ്യറായിരുന്നില്ല.