പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ. ലിമിറ്റഡ് സ്റ്റോപ്പ് സർവ്വീസുകൾ അവസാനിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഉയർത്തണമെന്നും ഉൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നത്,.
140 കിലോമീറ്ററിലധികം സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ഫിറ്റനസ് പുതുക്കി നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. 2022 ൽ യാത്രാനിരക്ക് വർദ്ധിപ്പിച്ചപ്പോൾ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെന്ന് ഇവർ പറഞ്ഞു. ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജുവിനെയും തുടർന്ന് ഇപ്പോൾ മന്ത്രിയായിരിക്കുന്ന ഗണേഷ് കുമാറിനെയും സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
ഗതാഗത വകുപ്പിന് മുമ്പാകെ ആവശ്യങ്ങൾ ഉന്നയിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്ന് ബസുടമകൾ ആരോപിച്ചു. ജില്ലാ അടിസ്ഥാനത്തിൽ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും ബസുടമകൾ അറിയിച്ചു. ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാകും സമരത്തിന്റെ തിയതി തീരുമാനിക്കുക.















