ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകന് 29 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അരൂക്കുറ്റി വടുതല സ്വദേശി മുഹമ്മദിനെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
12 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതിന് ആറ് വർഷം വീതം 24 വർഷം തടവും രണ്ട് ലക്ഷം പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് അഞ്ച് വർഷം തടവും 50,000 പിഴയും അടക്കമാണ് ശിക്ഷ. ചന്തിരൂരിലെ മദ്രസയിൽ അദ്ധ്യാപകനായി ജോലി നോക്കിയിരുന്ന കാലത്താണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.















