പ്രഭാസ് പ്രധാനവേഷത്തിലെത്തുന്ന കൽക്കി 2898 എഡി ഇന്ന് തിയേറ്ററുകളിൽ. അഡ്വാൻസ് ബുക്കിംഗിലൂടെ കോടികളാണ് ഇതിനോടകം ചിത്രം സ്വന്തമാക്കിയത്. ആദ്യ മണിക്കൂറുകളിൽ തന്നെ വലിയ മുന്നേറ്റമാണ് അഡ്വാൻസ് ബുക്കിംഗിലുണ്ടായത്. യുഎസിൽ മാത്രം ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ സലാറിനേക്കാൾ രണ്ട് കോടി കൂടുതൽ കൽക്കി നേടിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പ്രഭാസിന്റെ പുതിയ വരവിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ചിത്രത്തിന്റെ അത്യുഗ്രം ട്രെയിലർ പുറത്തിറങ്ങിയതോടെ സിനിമാ പ്രേമികളുടെ പ്രതീക്ഷകൾ ഇരട്ടിയായി. ദുഷ്ടശക്തികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കുന്നതിനായി ഭൂമിയിൽ ഇറങ്ങിവന്ന മഹാവിഷ്ണുവിന്റെ അവതാരത്തെ ചുറ്റിപ്പറ്റിയാണ് കഥ. ഇന്ത്യൻ സിനിമാ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യ വിരുന്നാണ് കൽക്കി സമ്മാനിക്കുന്നതെന്നണ് പുറത്തുവരുന്ന വിവരം.
ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പടാനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സയൻസ് ഫിക്ഷനും ഇന്ത്യൻ മിത്തോളജിയും ചേർത്ത് വമ്പൻ മേക്കിംഗിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഹാഭാരതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം വൈജയന്തി മൂവീസിന്റെ ബാനറിലാണ് നിർമിച്ചത്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് കൽക്കിയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.















