ആലപ്പുഴ: കാപ്പ ചുമത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് ഐക്യദാർഢ്യ ബോർഡ്. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയത്.
“നമ്മുടെ നാട്ടിലെ പ്രതിസന്ധി ഘട്ടത്തിലും കോവിഡും പ്രളയവും വന്നപ്പോൾ നാടിനൊപ്പം നിന്ന പങ്ങാതിയും കഞ്ചാവ് ലോബിക്കും മയക്കുമരുന്ന് മാഫിയയ്‌ക്കുമെതിരെ വരും തലമുറയെ രക്ഷിക്കാൻ നമുക്ക് മുന്നിൽ നിന്നും പോരാടിയ സുഹൃത്ത് സിബി ശിവരാജന് ഐക്യദാർഢ്യം” എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്.
സിപിഎമ്മിലെ ഒരു വിഭാഗമാണ് ഐക്യദാർഢ്യ ബോർഡിന് പിന്നിലെന്നാണ് വിവരം. അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് സിബി ശിവരാജൻ. മണൽ മാഫിയ- ആക്രമണ കേസുകളിൽ പ്രതിയാണ് ഇയാൾ. കാപ്പ ചുമത്തിയ നേതാവിനെതിരെ ഇതുവരെ പാർട്ടിയും നടപടി സ്വീകരിച്ചിട്ടില്ല.