കണ്ണൂർ: സ്കൂളിന്റെ മതിലിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കണ്ണൂർ ഉദയഗിരി കാർത്തികപുരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലാണ് ഇടിഞ്ഞുവീണത്. 50 അടിയോളം ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. മതിൽ റോഡിലേക്ക് തകർന്നുവീണതോടെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിലാണ് മതിൽ തകർന്നത്.
കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ജലാശയങ്ങളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ജില്ലയിലുടനീളം ശക്തമായ മഴയാണ് ലഭിക്കുന്നത്. കണ്ണൂരിന്റെ വിവിധയിടങ്ങളിൽ മിന്നൽ ചുഴലി രൂപപ്പെട്ടു. ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് ജില്ലയിൽ വലിയ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നാളെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മധ്യ-വടക്കൻ മേഖലയിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.