തിരുവനന്തപുരം: ടിപി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാരും സിപിഎമ്മും നടത്തിയ വഴിവിട്ട നീക്കം അവസാന നിമിഷം ഉപേക്ഷിച്ചത് പണി പാളുമെന്ന് ഭയന്ന്. പ്രതിപക്ഷം വിഷയം ഉയർത്തിക്കൊണ്ടു വന്നതോടെ ന്യായീകരണ ക്യാപ്‌സൂളുകൾ തികയാതെ വരുമെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ നീക്കം കൃത്യമായി ഇടപെട്ട് തടഞ്ഞ പ്രതിപക്ഷത്തിന് നിയമസഭ സമ്മേളനം നടക്കുന്ന സമയമായതുകൊണ്ടു തന്നെ സഭയ്‌ക്ക് മുൻപാകെ വിഷയം ഉന്നയിക്കാനും പൊളിച്ചടുക്കാനും കഴിഞ്ഞു.
2022 മുതൽ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുളള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുവെന്ന സർക്കാർ വിശദീകരണത്തിന് പിന്നാലെ നിയമസഭയുടെ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യത്തിൽ സിപിഎമ്മും ആഭ്യന്തര വകുപ്പും നടത്തിയ വഴിവിട്ട ഇടപെടൽ വിഡി സതീശൻ അക്കമിട്ട് നിരത്തി.
ജൂൺ 13 ന് കണ്ണൂർ ജയിൽ സൂപ്രണ്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പ്രതികളുടെ ശിക്ഷാ ഇളവ് തേടി കത്ത് അയച്ചിരുന്നു. 56 പേരുടെ പട്ടികയിൽ നാല് പേർ ടിപി കേസിലെ പ്രതികളാണ്. 2018 ലെ സർക്കാർ ഉത്തരവിൽ രാഷ്‌ട്രീയ കൊലപാതക കേസിലെ പ്രതികൾക്ക് ഒരു കാരണവശാലും 14 വർഷമാകാതെ ഇളവ് കൊടുക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആഭ്യന്തര സെക്രട്ടറി ഇറക്കിയ ഉത്തരവിനെപ്പോലും കാറ്റിൽ പറത്തിയാണ് പൊലീസ് കെകെ രമയുടെ മൊഴിയെടുക്കാൻ മൂന്ന് തവണ പോയത്. അതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ്. ഹോം സെക്രട്ടറിക്ക് മീതെ പറക്കുന്ന പരുന്ത് ഏതാണെന്ന് വിഡി സതീശൻ ചോദിച്ചു. കഴിഞ്ഞ ദിവസം നിയമസഭയിൽ വിഷയം ഉന്നയിച്ചപ്പോൾ അഭ്യൂഹം എന്നാണ് സ്പീക്കർ പറഞ്ഞത്. എങ്ങനെ ഇത് അഭ്യൂഹമാകുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
അഭ്യൂഹമാണെങ്കിൽ 21 ന് വൈകിട്ട് പൊലീസ് ഫോണിൽ ബന്ധപ്പെട്ട് കെകെ രമയുടെ മൊഴിയെടുക്കാൻ നോക്കിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. 22 ന് പാനൂർ പൊലീസ് എംഎൽഎ ഓഫീസിൽ നേരിട്ടെത്തി. ട്രൗസർ മനോജ് എന്ന പ്രതിയുടെ സ്‌റ്റേഷൻ അതിർത്തിയിലുളള പൊലീസും മൊഴിയെടുക്കാൻ വേണ്ടി വിളിച്ചു. അഭ്യൂഹമാണെങ്കിൽ പിന്നെ എന്തിനാണ് കെകെ രമയുടെ മൊഴിയെടുക്കാൻ പൊലീസ് പോയതെന്ന് വിഡി സതീശൻ ചോദിച്ചു.
വിചാരണക്കോടതി ആദ്യം ശിക്ഷിച്ച മൂന്ന് പേരിൽ ഒരാളാണ് ട്രൗസർ മനോജ് എന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കെകെ രമ പറഞ്ഞു. കേസിൽ 11 ാം പ്രതിയാണ്. അന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഗൂഢാലോചനയിൽ കുഞ്ഞനന്തനൊപ്പം പങ്കെടുത്ത വ്യക്തിയാണെന്നും കെകെ രമ കൂട്ടിച്ചേർത്തു.