അമരാവതി : വൈഎസ് ജഗൻമോഹനപുരം എന്ന പേര് തങ്ങളുടെ ഗ്രാമത്തിനിട്ടതിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ജഗൻമോഹൻ റെഡ്ഢിയുടെയും രാജശേഖർ റെഡ്ഢിയുടെയും ചിത്രമുള്ള കമാനം തകർത്തു.
കിഴക്കൻ ഗോദാവരി ജില്ലയിലെ കാക്കിനഡയ്‌ക്കടുത്തുള്ള പോളവാരം എന്ന ഗ്രാമത്തിലേക്കുള്ള വഴിയിലാണ് വൈഎസ് ആർ സിപി സംഘം നേരത്തെ കൂറ്റൻ കമാനം നിർമിച്ച് അതിൽ വൈഎസ് ജഗൻമോഹനപുരം എന്ന പേര് എഴുതിയിരുന്നത്. ജഗൻമോഹൻ റെഡ്ഢിയുടെയും രാജശേഖർ റെഡ്ഢിയുടെയും ഫോട്ടോകളും ഇരുവശത്തും സ്ഥാപിച്ചു. തമ്മാവാരം പഞ്ചായത്തിലെ നേമം ലേഔട്ടിലാണ് ജഗൻമോഹനപുരം എന്ന പേര് എഴുതിയ ബോർഡ് സ്ഥാപിച്ചത്. ജഗനണ്ണ കോളനി എന്നും അവർ ഈ ഗ്രാമത്തെ വിളിച്ചു. പോളവാരം വില്ലേജിലെ ജനങ്ങൾ ഇതിനെ എതിർത്തെങ്കിലും വൈഎസ് ആർ സിപി ഗുണ്ടാ സംഘം ആളുകളെ ഭീഷണിപ്പെടുത്തി നിയന്ത്രിക്കുകയായിരുന്നു.
2020 ഡിസംബർ 25ന് കോട്ടപ്പള്ളി മണ്ഡലത്തിലെ കൊമരഗിരി ലേഔട്ടിൽ വെച്ച് ദരിദ്രർക്കുള്ള നവരത്ന-വീടുകളുടെ ശിലാസ്ഥാപന പരിപാടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ജഗനെ സന്തോഷിപ്പിക്കാൻ വേണ്ടി ആണ് ഇങ്ങിനെ ചെയ്തതെന്ന് അന്ന് തന്നെ വാർത്തകൾ ഉണ്ടായിരുന്നു. മന്ത്രി കണ്ണബാബുവിന്റെ നിർദേശപ്രകാരമാണ് കോളനിയുടെ പേര് തീരുമാനിച്ചതെന്നാണ് സൂചന. ഇതിൽ മുഖ്യമന്ത്രി ജഗന്റെയും വൈഎസ് രാജശേഖർ റെഡ്ഡിയുടെയും ഫോട്ടോകൾ ചേർക്കുകയായിരുന്നു. ഈ സ്വാഗത കവാടങ്ങളുടെ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കിഴക്കൻ ഗോദാവരി ജില്ലയിലെ യു. കോട്ടപ്പള്ളി മണ്ഡലത്തിൽ “വൈഎസ്ആർ ജഗനണ്ണ കോളനി” ഒരു മാതൃകയായി സ്ഥാപിച്ചതാണ് എന്ന് ജഗന്റെ പാർട്ടിക്കാർ പലപ്പോഴും അവകാശപ്പെട്ടിരുന്നു.
എന്നാൽ ജഗന്റെ ഭരണം അവസാനിച്ചതോടെ പോളവാരം ഗ്രാമത്തിലെ യുവാക്കൾ രംഗത്തെത്തി. ജഗൻമോഹൻ റെഡ്ഡിയുടെ പേരിൽ സ്ഥാപിച്ച ശിലാഫലകങ്ങളും കമാനങ്ങളും യുവാക്കൾ നശിപ്പിച്ചു.
ഇതിനോട് പ്രതികരിച്ച ജനങ്ങൾ പറയുന്നത് ഇങ്ങിനെയാണ്, “ഞങ്ങളുടെ ഗ്രാമമാണ് പോളവാരം. ഞങ്ങളുടെ ഗ്രാമത്തിലേക്കുള്ള വഴിയിൽ ഒരു കൂറ്റൻ കമാനം കെട്ടി, പേര് ജഗൻമോഹനപുരം എന്ന് എഴുതി, ഞങ്ങൾ എതിർത്തപ്പോൾ അവർ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഇപ്പോൾ സർക്കാർ മാറി. ഞങ്ങൾക്ക് അത് ചെയ്യാൻ ധൈര്യമുണ്ട്.” നിരവധി യുവാക്കൾ സംഘടിച്ചാണ് ജഗന്റെ ചിത്രങ്ങൾ നീക്കം ചെയ്തത്.
കർഷകരുടെ പാസ് ബുക്കിൽ ജഗന്റെ പേരും ചിത്രവും ചേർക്കുക, ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തിക്കല്ലുകളിൽ ജഗന്റെ ചിത്രം പതിപ്പിക്കുക തുടങ്ങിയ ആരോപണങ്ങൾ ജഗൻമോഹൻ റെഡ്‌ഡിക്കെതിരെ നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്.