ന്യൂഡൽഹി: നാവിക- കര-വ്യോമ മേഖലകളിലെ ആയുധ, നൂതന സാങ്കേതിക വിദ്യകളിൽ വിദേശ സൈനികർക്ക് പരിശീലനം നല്കാൻ ഇന്ത്യ. പ്രതിരോധ മേഖലയിൽ വിദേശ രാജ്യങ്ങളുമായുള്ള പങ്കാളിത്തം ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി സേനയുടെ അടിസ്ഥാന ആയുധ പരിശീലനങ്ങൾ മുതൽ നൂതന ആയുധ സംവിധാനങ്ങൾ, ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾ, സൂപ്പർസോണിക് യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിലുൾപ്പെടെയുള്ള പരിശീലനമാണ് നൽകുന്നത്.
ആഫ്രിക്കയിലെയും ഗൾഫിലെയും ആസിയാനിലും ഉൾപ്പെട്ട വിദേശ സൗഹൃദ രാഷ്‌ട്രങ്ങളിലെ സൈനികരെയാണ് പരിശീലിപ്പിക്കുക. രാജ്യത്തെ വിവിധ സൈനിക സ്ഥാപനങ്ങളിലും അക്കാദമികളിലുമാണ് പരിശീലനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഗൾഫ് രാഷ്‌ട്രങ്ങളായ യുഎഇ,സൗദി, അറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നിവയുമായുളള സൈനിക സഹകരണത്തിന്റെ ഭാഗമായി 76 ഓളം സൗദി സൈനികർക്ക് കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. റോയൽ സൗദി നേവൽ ഫോഴ്‌സിലെ നാവികരാണ് പരിശീലനത്തിലുളളത്. നാല് ആഴ്ചത്തെ പരിശീലനമാണ് നൽകുന്നത്.
നാവിക സേന ചുരുങ്ങിയത് 300 വിദേശ സൈനികർക്ക് വിവിധ പരിശീലന സ്ഥാപനങ്ങളിലും യുദ്ധക്കപ്പലുകളിലുമായി പരിശീലനം നൽകുന്നുണ്ട്. ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായുള്ള സൈനികബന്ധം ക്രമാനുഗതമായി വർധിപ്പിക്കുകയാണ് ലക്ഷ്യം.















