തിരുവനന്തപുരം: കേരളത്തിന്റെ കെഎസ്ആർടിസി ബസുകൾ തമിഴ്‌നാട് പിടിച്ചിട്ടാൽ തമിഴ്‌നാടിന്റെ വണ്ടികൾ കേരളവും പിടിച്ചിടുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ശബരിമല സീസണാണ് വരാൻ പോകുന്നതെന്ന് തമിഴ്‌നാട് മനസിലാക്കണണമെന്നും അവിടെ നിന്നാണ് കൂടുതൽ ആളുകൾ കേരളത്തിലെത്തുന്നതെന്നും ഗണേഷ് കുമാർ നിയസഭയിൽ പറഞ്ഞു. കേരള സർക്കാരുമായി കൂടിയാലോചിക്കാതെയാണ് തമിഴ്‌നാട് 4,000 രൂപ ടാക്‌സ് വർദ്ധിപ്പിച്ചത്. തമിഴ്‌നാട്ടിൽ നികുതി വർദ്ധിപ്പിച്ചാൽ കേരളത്തിലും അത് തന്നെ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
” കേരളത്തിന്റെ കെഎസ്ആർടിസി ബസുകൾ പിടിച്ചിട്ടാൽ തമിഴ്‌നാടിന്റെ ബസുകളും പിടിച്ചിടും. ശബരിമല സീസണാണ് വരാൻ പോകുന്നതെന്ന് എല്ലാവരും മനസിലാക്കണം. അവിടെ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിലേക്കെത്തുന്നത്. കേരളത്തിൽ നിന്ന് 4000 രൂപ നികുതി ഈടാക്കിയാൽ നമ്മൾ ഇവിടെയും പിരിക്കും. അങ്ങനെ ഖജനാവിൽ പണം നിറയ്‌ക്കും. കേരളസർക്കാരുമായി കൂടിയാലോചിക്കാതെയാണ് നികുതി വർദ്ധിപ്പിക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്. ഇവിടെ ദ്രോഹം നടത്തിയാൽ അവിടെയുള്ളവരെയും ദ്രോഹിക്കും.”- കെ ബി ഗണേഷ് കുമാർ പറഞ്ഞു.
ബസ് ഡ്രൈവർമാരെ കള്ളുകുടിച്ച് വാഹനം ഓടിക്കാൻ അനുവദിക്കില്ലെന്നും കെഎസ്ആർടിസി ജീവനക്കാർക്ക് കഞ്ഞി കുടിക്കാനുള്ള വകയുണ്ടാക്കുമെന്നും ഗണേഷ്‌കുമാർ നിയമസഭയിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി നൽകാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പരിശോധനകൾ കർശനമായി നടത്തിയപ്പോൾ അപകടനിരക്കുകൾ വളരെയധികം കുറഞ്ഞു. ഇതിന്റെ കണക്കുകൾ നിരത്താൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. 1200 വണ്ടികൾ കട്ടപ്പുറത്തുണ്ടായിരുന്നു. ഇത് 600 ആയി കുറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്തുണ്ടായ മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ നിന്നും യാത്രക്കാരെ അകറ്റി നിർത്തിയത്.
കണക്കുകൾ പറയുമ്പോഴും ശമ്പളം നൽകണമെന്ന വ്യക്തമായ ബോധമുണ്ടെന്നും നവീകരണ പദ്ധതികളും ശമ്പളത്തിലെ പരിഷ്‌കാരങ്ങളും ആറ് മാസത്തിനകം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം വരെയുള്ള പെൻഷൻ കൃത്യമായി നൽകാൻ സാധിച്ചു. ആനുകൂല്യങ്ങളാണ് നൽകാൻ കഴിയാതെ പോയത്. എന്നാൽ 625 കോടി രൂപ വായ്പ എടുക്കാനുള്ള അനുമതി മുഖ്യമന്ത്രി നൽകിയിട്ടുണ്ടെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.















