ന്യൂഡൽഹി: ഇന്ത്യൻ പേസ് സ്റ്റാർ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഇന്ത്യയുടെ ആദ്യ ലോകകപ്പ് നായകൻ കപിൽ ദേവ്. ബുമ്ര തന്നേക്കാൾ ആയിരം മടങ്ങ് മികച്ച താരമെന്നാണ് കപിൽ ദേവ് വാഴ്ത്തിയത്. ‘ബുമ്ര തന്നേക്കാൾ ആയിരം മടങ്ങ് മികച്ച താരമാണ്. ഇപ്പോഴത്തെ യുവാക്കൾ നമ്മളെക്കാൾ ഏറെ മെച്ചപ്പെട്ടവരാണ്. ഞങ്ങൾക്ക് പരിചയ സമ്പത്തുണ്ടെങ്കിലും അവർ ഏറെ മികച്ച താരങ്ങളാണ്. കഠിനാദ്ധ്വാനികളും ശാരീരിക ക്ഷമതയുള്ളവരുമാണ്” —-കപിൽ പറഞ്ഞു.
ടി20 ലോകകപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ബൗളിംഗ് നിരയെ നയിക്കുന്ന ബുമ്ര പുറത്തെടുക്കുന്നത്. ഇതുവരെ 23 ഓവറുകൾ എറിഞ്ഞ താരം 4.08 ഇക്കോണമിയിൽ 11 വിക്കറ്റുകളാണ് പിഴുതത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർ എന്ന് വാഴ്ത്തപ്പെടുന്ന ബുമ്ര 26 ടെസ്റ്റിൽ നിന്ന് 159 വിക്കറ്റ് നേടിയപ്പോൾ 89 ഏകദിനത്തിൽ നിന്ന് 149 വിക്കറ്റും 68 ടി20യിൽ 85 വിക്കറ്റും പിഴുതു.ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറായ കപിൽ ദേവിന് 434 ടെസ്റ്റ് വിക്കറ്റുകളും 253 ഏകദിന വിക്കറ്റുകളുമുണ്ട്.