ആറു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടണം, ഞാൻ പറ്റില്ല എന്നു പറഞ്ഞു; പക്ഷേ, മോഹൻലാൽ തയ്യാറായി; ശങ്കർ പറയുന്നു…

Published by
Janam Web Desk

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് ഒരുമിച്ച് കടന്നുവന്ന താരങ്ങളാണ് മോഹൻലാലും ശങ്കറും. ഒരുപാട് ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു. എന്നാൽ പിന്നീട് വലിയ ഒരു ഇടവേള എടുത്ത് ശങ്കർ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. മോഹൻലാൽ സൂപ്പർതാരമായി തിളങ്ങുകയും ചെയ്തു. സിനിമാരംഗത്ത് സജീവമല്ലെങ്കിലും മോഹൻലാലുമായി ഇന്നും നല്ല സൗഹൃദത്തിലാണ് ശങ്കർ. മോഹൻലാലിന്റെ വിജയത്തിന് കാരണം അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ ആണെന്ന് പറയുകയാണ് താരം. ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളിലെ ചില സംഭവങ്ങളും ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശങ്കർ ഓർത്തെടുത്തു.

“ഇവിടം സ്വർഗമാണ് എന്ന സിനിമയാണ് മോഹൻലാലിനൊപ്പം ഞാൻ അവസാനം അഭിനയിച്ചത്. കാസനോവ എന്ന പടവും ചെയ്തു. ഞാൻ വളരെ ഒതുങ്ങിപ്പോകുന്ന ആളാണ്. സിനിമയിൽ നിന്നും മാറിനിന്ന് യുകെയിൽ പോയി താമസമാക്കി. എന്നാൽ ഞങ്ങൾ തമ്മിലുള്ള സൗഹൃദം എന്നുമുണ്ട്, എപ്പോഴും ഉണ്ടായിരിക്കും. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിലൂടെ വന്നവരാണ്. ആ ഒരു കാലഘട്ടത്തിൽ പത്തു വർഷത്തോളം ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്”.

“ഞങ്ങൾ തമ്മിലുള്ള സൗഹൃദം എന്നും ഉണ്ടാവും. സിനിമ കുറച്ചുകഴിഞ്ഞ് ചെയ്യാമെന്ന് കരുതി മാറിപ്പോയ ആളാണ് ഞാൻ. അത് ഒരുപക്ഷേ എന്റെ തെറ്റായിരിക്കാം. പഴയ ആളുകളൊക്കെ ഇപ്പോൾ തിരിച്ചു വന്നു കൊണ്ടിരിക്കുന്ന സമയമാണ്. അതുകൊണ്ട് വീണ്ടും വന്നേക്കാം. മോഹൻലാൽ വേറൊരു സ്റ്റൈലാണ്. ചിലപ്പോൾ ഭയങ്കര തമാശയായിരിക്കും, ചില സമയങ്ങളിൽ വളരെ ശാന്തൻ ആയിരിക്കും. ലാൽ അഭിനയിക്കുന്ന സമയത്ത് നമുക്ക് തോന്നും, ലാൽ ഇതൊക്കെ ചെയ്യുമോ?. പക്ഷേ ക്യാമറയുടെ മുന്നിൽ വന്നു കഴിഞ്ഞാൽ ആളു വേറെയാണ്”.

“ലാൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും അത്രയ്‌ക്ക് പെർഫെക്ട് ആയിരിക്കും. കോമഡി, റൊമാൻസ്, സീരിയസ് അങ്ങനെ ഏതു റോൾ ആയാലും മോഹൻലാൽ തകർക്കും. നമ്മൾ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ആക്ഷൻ രംഗങ്ങൾ മോഹൻലാൽ ചെയ്യും. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച ഹലോ മദ്രാസ് ഗേൾ എന്ന ഒരു സിനിമയുണ്ട്. മോഹൻലാൽ നെഗറ്റീവ് ക്യാരക്ടറാണ്. അതിൽ ഒരു ഫൈറ്റ് കെട്ടിടത്തിന്റെ മുകളിൽ വച്ചാണ്. സംവിധായകൻ ഞങ്ങളോട് പറഞ്ഞു കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടണമെന്ന്. ആറു നില കെട്ടിടമാണ്. ഞാൻ പറ്റില്ല എന്നു പറഞ്ഞു. എല്ലാ സേഫ്റ്റി സംവിധാനങ്ങളും ഉണ്ടെന്നു പറഞ്ഞു. പക്ഷേ എനിക്ക് കയ്യും കാലും വിറയ്‌ക്കാൻ തുടങ്ങി. സുരക്ഷാസംവിധാനങ്ങൾ ഒക്കെ ഒരുക്കിയിട്ടുണ്ട്, എന്നിരുന്നാലും അത് അപകടമാണ്.ലാൽ പറഞ്ഞു, ഞാൻ ചാടാം എന്ന്. അങ്ങനെ ഞാനും തയ്യാറായി. കറങ്ങിയാണ് ലാൽ ചാടിയത്. ഞാൻ നേരെയും. അത്ര ഡെഡിക്കേറ്റഡാണ് മോഹൻലാൽ”-ശങ്കർ പറഞ്ഞു.

 

Share
Leave a Comment