മാങ്ങ അച്ചാർ, നാരങ്ങ അച്ചാർ, നെല്ലിക്ക അച്ചാർ തുടങ്ങി വീട്ടിൽ ഒരു അച്ചാർ കുപ്പിയെങ്കിലും കരുതുന്നവരാണ് മലയാളികൾ. എന്തെങ്കിലുമൊരു അച്ചാർ എല്ലാ മലയാളികളുടെയും വീട്ടിൽ എപ്പോഴും കാണുമെന്നതാണ് പ്രത്യേകത. ഉച്ചയ്ക്ക് ഊണിന് മറ്റൊന്നുമില്ലെങ്കിലും ലേശം അച്ചാറുണ്ടെങ്കിൽ അതുകൂട്ടി വയറുനിറയ്ക്കാനും മലയാളികൾക്കറിയാം. പലപ്പോഴും അമിതമായി അച്ചാർ കഴിച്ച് പല രോഗങ്ങളും നാം വരുത്തി വയ്ക്കാറുണ്ട്. എന്നാൽ അച്ചാർ മിതമായി കഴിക്കുകയാണെങ്കിൽ ചില ഗുണങ്ങളുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അവ എന്തെല്ലാമാണെന്ന് നോക്കാം..
പ്രോബയോട്ടിക് ബാക്ടീരിയകളുടെ ഉറവിടം:
ദഹനപ്രശ്നങ്ങളിൽ നിന്ന് ഒരുപരിധി വരെ മാറ്റിനിർത്താൻ അച്ചാർ സഹായിക്കും. ഇവയിൽ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിരിക്കുന്നതിനാൽ കുടലിന്റെ ആരോഗ്യം വർദ്ധിക്കുന്നു. കുടലിൽ ഉണ്ടായിരിക്കേണ്ട നല്ല ബാക്ടീരിയകളുടെ വളർച്ചയെ അച്ചാറിലെ ഘടകങ്ങൾ സഹായിക്കും. വിനാഗിരി ഒഴിവാക്കി അച്ചാറിടുന്നതാണ് ഉത്തമം.
ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യം:
ശരീരത്തിന്റെ പ്രതിരോധ ശേഷിയെ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ അച്ചാറിലുണ്ട്. പഴുക്കാത്ത പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ ധാരാളം ആന്റി-ഓക്സിഡന്റുകളുണ്ട്. ഇവ അച്ചാറിട്ട് കഴിക്കുന്നത് ശരീരത്തിന്റെ മെച്ചപ്പെട്ട ആരോഗ്യത്തിന് സഹായിക്കുന്നു.
വിറ്റമിനുകളും ധാതുക്കളും:
അച്ചാറിൽ കറിവേപ്പില, മല്ലിയില, പുതിനയില തുടങ്ങി പലതരത്തിലുള്ള ഇലകൾ ചേർക്കാറുണ്ട്. അതിനാൽ വിറ്റമിൻ സി, എ, കെ എന്നിവയും അയേൺ, കാൽഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ അച്ചാറിൽ ഉണ്ടായിരിക്കും.
കരളിന്റെ സംരക്ഷണത്തിന്:
നെല്ലിക്ക പോലുള്ളവ അച്ചാറിട്ട് കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുന്നു:
ഇന്ത്യയിൽ കാണപ്പെടുന്ന അച്ചാറുകളിൽ മഞ്ഞൾപ്പൊടിയുടെ സാന്നിധ്യം വളരെ കൂടുതലായിരിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതാണ് മഞ്ഞൾപ്പൊടി.