കൊടുംചൂടിൽ നിന്ന് പെരുമഴയിലേക്ക്; 88 വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ പെയ്‌ത്ത്; വെള്ളക്കെട്ടിൽ മുങ്ങി ഡൽഹി; റെക്കോർഡ് മഴ

Published by
Janam Web Desk

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പെയ്തത് റെക്കോർഡ് മഴയെന്ന് റിപ്പോർട്ട്. കഴിഞ്ഞ 88 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഡൽഹിയിൽ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച രാവിലെ 8.30 മുതൽ വെള്ളിയാഴ്ച രാവിലെ 8.30 വരെ 228 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ പെയ്തത്. ജൂണിൽ 80.6 മില്ലിമീറ്റർ മഴയാണ് സാധാരണയായി ഡൽഹിയിൽ ലഭിക്കാറുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി.

കൊടും ചൂടിനെ തുടർന്ന് ജനങ്ങൾ വെന്തുരുകി കഴിയുന്നതിനിടെയാണ് ഡൽഹിയിൽ പൊടുന്നനെ പെരുമഴ പെയ്തത്. നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് ഡൽഹി ന​ഗരം പൂർണമായും വെള്ളക്കെട്ടിലായി. റെയിൽവേ സ്റ്റേഷനുകളിലും അണ്ടർപാസുകളിലും വെള്ളം കയറിയതോടെ ​ഗതാ​ഗതം നിലച്ചു. അതിശക്തമായ മഴയിൽ ഡൽഹി എയർപോർട്ടിലെ മേൽക്കൂര തകർന്ന് വീഴുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകാനിറങ്ങിയ പലർക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുണ്ടായത്. പല റോഡുകളും വെള്ളക്കെട്ടിൽ മുങ്ങിയതിനാൽ ഗതാഗതം സ്തംഭിച്ചിരുന്നു. 1936ന് ശേഷം 24 മണിക്കൂറിനിടെ പെയ്യുന്ന ഏറ്റവും വലിയ മഴയ്‌ക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. 88 വർഷം മുൻപ് ഡൽഹിയിലെ സഫ്ദർജംഗിൽ 235.5 മില്ലിമീറ്റർ മഴ പെയ്തിരുന്നു.

Share
Leave a Comment