നവഗ്രഹങ്ങളിൽ, നമ്മുടെ ജീവിതത്തിൽ കർമ്മഫലങ്ങൾ നൽകുന്ന നീതിമാനായ ശനിദേവന് പ്രത്യേക സ്ഥാനമുണ്ട്. ഒരു കർക്കശക്കാരനായ ഗുരുവിനെപ്പോലെ, നമ്മുടെ വളർച്ചയ്‌ക്കും പക്വതയ്‌ക്കും ആവശ്യമായ പാഠങ്ങൾ പഠിപ്പിക്കാൻ ശനി നമ്മുടെ ജീവിതത്തിൽ വെല്ലുവിളികളും നഷ്ടങ്ങളും അനുവദിക്കുന്നു. ജീവിതത്തിലെ സ്ഥിരതയില്ലായ്മ, അപവാദങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, അലസത, ഭയം, അപമാനം, തടവ്, അംഗവൈകല്യം തുടങ്ങിയ വെല്ലുവിളികളെ നാം നേരിടുമ്പോൾ, നമ്മുടെ പരിമിതമായ സാഹചര്യങ്ങളെപ്പോലും എങ്ങനെ അനുകൂലമാക്കി മാറ്റാമെന്ന് ശനി നമ്മെ പഠിപ്പിക്കുന്നു.
ദാരിദ്ര്യം, അപമാനം, ആപത്ത് , നീചസംസർഗം, അലസത, കാരാഗൃഹവാസം, ബന്ധനം, ഓർമ്മക്കുറവ്, നാശം, വാതരോഗം, അവഗണന, പുറംതള്ളപ്പെട്ട അവസ്ഥ, അവിശ്വാസം, അധാർമികത, അന്ധകാരം, മരണം ഇവയെയെല്ലാം പ്രതിനിധീകരിച്ചും, വൈകിപ്പിക്കൽ, നിരാശ, അപശ്രുതി, കഷ്ടത, അഭിപ്രായഭിന്നത, നിരാശയോടുള്ള കാത്തിരുപ്പ് ഇവയുടെയെല്ലാം പ്രതീകമായും ശനി അറിയപ്പെടുന്നു.
ഏറ്റവും വേഗത കുറഞ്ഞ ഗ്രഹമായ ശനി ക്ഷമയോടെ കാത്തിരിക്കേണ്ടതെങ്ങനെ എന്ന് നമ്മെ പഠിപ്പിക്കുന്നു. അവനവന്റെ കർമ്മഫലം കൃത്യമായ വിധിയെഴുത്തിലൂടെ നടപ്പാക്കി നൽകുന്നത് ശനിയാണ്. നിനച്ചിരിക്കാത്ത സമയത്തു പെട്ടെന്ന് സൗഭാഗ്യം തരാനും ശനിക്ക് കഴിവുണ്ട്. തന്നെ ബഹുമാനിക്കുന്ന ഏതൊരാൾക്കും ശനി ആനൂകൂല്യങ്ങൾ നൽകും. ശനിയെ ഭയപ്പെടുകയല്ല , ബഹുമാനിക്കുകയാണ് വേണ്ടത്.
ഒരു രാശിയില്‍ ശനിദേവന്റെ സാന്നിധ്യം രണ്ടര വര്‍ഷത്തോളം നീണ്ടുനില്‍ക്കും. ജ്യോതിഷപ്രകാരം, ശനി തന്റെ സഞ്ചാരപഥത്തിൽ സമയാസമയങ്ങളിൽ വക്രഗതിയിലും നേർരേഖയിലും സഞ്ചരിക്കുന്നു. വക്രഗതി എന്നാല്‍ പിന്തിരിപ്പന്‍ ചലനം എന്നാണ്. പിന്നോട്ടുള്ള യാത്ര എന്ന് പറയാം. 2024 ജൂൺ 29 മുതൽ, ശനി സ്വക്ഷേത്രമായ കുംഭരാശിയിൽ വക്രഗതിയിലാകും. ഇത് ചില രാശിക്കാർക്ക് വെല്ലുവിളികൾ സൃഷ്ടിക്കുമെങ്കിലും, മറ്റു ചിലർക്ക് അനുകൂല ഫലങ്ങൾ നൽകും. മനുഷ്യജീവിതത്തിലും ഭൂമിയിലും ഈ പ്രതിഭാസത്തിന്റെ പ്രഭാവം പ്രകടമാകും.
കർമ്മഫലദാതാവായ ശനി, ജൂൺ 29 ശനിയാഴ്ച പുലർച്ചെ 12:36 AM ന് കുംഭം രാശിയിൽ വക്രഗതി ആരംഭിച്ച്, നവംബർ 15 വെള്ളിയാഴ്ച രാത്രി 07:51 PM ന് അതേ രാശിയിൽ തന്നെ വക്രഗതി അവസാനിപ്പിക്കും. ഈ ഗതിമാറ്റം എല്ലാ രാശിക്കാരെയും ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കും.
ശനി, മൂലത്രികോണ രാശിയായ കുംഭത്തിൽ 139 ദിവസങ്ങൾ സഞ്ചരിക്കുന്നത് പല രാശികൾക്കും ലാഭത്തിനും പുരോഗതിക്കും അവസരമൊരുക്കും. അടുത്ത വർഷം, ശനി കുംഭം രാശിയിൽ നിന്ന് മീനരാശിയിലേക്ക് പ്രവേശിക്കും. നിലവിൽ, ശനി സ്വന്തം രാശിയായ കുംഭത്തിൽ, പൂരുരുട്ടാതി നക്ഷത്രത്തിലൂടെ സഞ്ചരിക്കുകയാണ്.
ശനിയുടെ ഒരു സ്ഥാനത്തിന്റെ സ്വാധീനം രണ്ടര വർഷക്കാലം നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നു. മറ്റൊരു ഗ്രഹത്തിനും ഇത്രയും ദീർഘകാലത്തേക്ക് മനുഷ്യജീവിതത്തെ സ്വാധീനിക്കാൻ കഴിയില്ല. ശനിയുടെ മിത്രഗ്രഹങ്ങൾ ബുധനും ശുക്രനും ആണ്, സമനായ ഗ്രഹം വ്യാഴവും, ശത്രുഗ്രഹങ്ങൾ സൂര്യനും ചന്ദ്രനും ആണ്.
ഒരു മനുഷ്യായുസ്സിൽ ശനി, പ്രധാനമായും നാലു വിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്: ശനി ദശ, ഏഴര ശനി, കണ്ടക ശനി, അഷ്ടമ ശനി. ചില ശനി ദശകളിൽ ജാതകന് ഭാഗ്യം ലഭിക്കുമെങ്കിലും, പൊതുവെ ശനിയെ എല്ലാവരും ഭയക്കുന്നു. എന്നാൽ, അടിസ്ഥാനപരമായി അഹങ്കാരമില്ലാത്തവർ, തങ്ങളുടെ നിലയ്‌ക്കും വിലയ്‌ക്കും അനുസരിച്ച് ജീവിക്കുന്നവർ, ദിവസവും മഹാഗണപതിയെയോ ഹനുമാൻ സ്വാമിയെയോ ഭജിക്കുന്നവർ എന്നിവരെ ശനി ഒരു വിധത്തിലും ഉപദ്രവിക്കില്ല.
ഓരോ 30 വർഷത്തിലും ഒരു ഏഴര ശനി, ഒരു അഷ്ടമ ശനി, മൂന്ന് കണ്ടക ശനി എന്നിവ വരും. അതായത് ഓരോ 30 വർഷത്തിലും ഏകദേശം 17.5 വർഷം ശനിയുടെ സമ്പൂർണ സ്വാധീനത്തിലായിരിക്കും. ഇതിനു പുറമെയാണ്, ജന്മനക്ഷത്രത്തെ അടിസ്ഥാനമാക്കി വരുന്ന 19 വർഷത്തെ ശനി ദശ.
ശനിയുടെ വക്രഗതി (പുറകോട്ടുള്ള സഞ്ചാരം) കൂടി പരിഗണിക്കുമ്പോൾ, ജ്യോതിഷികൾ എപ്പോഴും ശനിയെക്കുറിച്ച് പറഞ്ഞ് നിങ്ങളെ പേടിപ്പിക്കുന്നു എന്ന തോന്നൽ ഉണ്ടാകാം. ഇതാണ് പലപ്പോഴും “ശനി തീർന്നില്ലേ?”, “ഇതെപ്പോൾ തീരും?”, “ഒരു കാലത്തും അവസാനിക്കില്ലേ?” തുടങ്ങിയ ചോദ്യങ്ങൾ നിങ്ങൾ ജ്യോതിഷിയോട് ചോദിക്കാൻ കാരണം. എന്നാൽ, ശനി ഇഷ്ട ഭാവത്തിൽ നിൽക്കുന്നവർക്ക്, ജീവിതത്തിലെ ഏറ്റവും മികച്ച കാലം ശനിദശയായിരിക്കും.
ശനിദശയുടെ കാലഘട്ടത്തിലോ മറ്റ് ശനി സംബന്ധമായ ദോഷങ്ങൾ അനുഭവപ്പെടുമ്പോഴോ, നീതിയുക്തമായ കാര്യങ്ങൾ ചെയ്യുന്നതിനും ദാനധർമ്മങ്ങളിലും പുണ്യകർമ്മങ്ങളിലും സജീവമായി പങ്കെടുക്കുന്നതിനും വിനയത്തോടെ ജീവിതം നയിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുക. പ്രതികൂല ഫലങ്ങൾ ലഘൂകരിക്കാൻ സൂര്യോദയത്തിന് മുമ്പ് ഉണരുക, ചതിയും വഞ്ചനയും ഒഴിവാക്കുക, പരസ്ത്രീ ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുക, മദ്യം, മയക്കുമരുന്ന്, കൈക്കൂലി, ദുഷ്പ്രവൃത്തികൾ എന്നിവ ഉപേക്ഷിക്കുക, സ്വന്തം നിലയ്‌ക്കും വിലയ്‌ക്കും യോജിച്ച രീതിയിൽ പെരുമാറുക, കള്ളം പറയുന്നത് ഒഴിവാക്കുക, അമിതമായ സുഖലോലുപതയിൽ നിന്ന് വിട്ടുനിൽക്കുക എന്നിവ ശീലമാക്കുക. ഇത്തരം ശീലങ്ങൾ ശനിദശയുടെ പ്രതികൂല ഫലങ്ങളെ ലഘൂകരിക്കാനും ജീവിതത്തിൽ ഐശ്വര്യവും സമാധാനവും കൈവരിക്കാനും സഹായിക്കും.
ശനിയുടെ സ്വാധീനം അനുകൂലമാക്കുന്നതിനു ശനീശ്വര പ്രാർത്ഥന, ശനിയാഴ്ച വ്രതം, ശാസ്താ, ഗണേശ, ഹനുമാൻ, ശിവ ഭജനം, അയ്യപ്പ ക്ഷേത്രത്തിൽ എള്ളുതിരി കത്തിക്കൽ, കാക്കകൾക്ക് ഭക്ഷണം നൽകൽ, കറുത്ത വസ്ത്രം ധരിക്കൽ തുടങ്ങിയ പൊതുവായ പരിഹാരങ്ങൾ നിലവിലുണ്ട്. എന്നാൽ, ഇവ ദോഷഫലങ്ങളുടെ കാഠിന്യം കുറയ്‌ക്കാൻ സഹായകരമാകുമെങ്കിലും, പൂർണ്ണമായ ശാന്തി നൽകണമെന്നില്ല.
ഓരോ വ്യക്തിയുടെയും ജാതകത്തിലെ ഗ്രഹസ്ഥിതി, പ്രത്യേകിച്ച് ശനി, വ്യാഴം, ശുക്രൻ എന്നിവയുടെ സ്ഥാനം അനുസരിച്ച്, കൃത്യമായ പരിഹാരക്രിയകൾ അനുഷ്ഠിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം, പൊതുവായ പരിഹാരങ്ങൾ പ്രതീക്ഷിച്ച ഫലം നൽകണമെന്നില്ല. മാത്രമല്ല, കറുത്ത വസ്ത്രം ധരിക്കുന്നത് പോലുള്ള ചില പൊതു പരിഹാരങ്ങൾ, ജാതകത്തിൽ കറുപ്പ് അശുഭ നിറമായി വരുന്നവർക്ക് കൂടുതൽ ദോഷഫലങ്ങൾ വരുത്തിവയ്‌ക്കുകയും ചെയ്യും.
വരുന്ന നാലു മാസക്കാലം അമാവാസി തിഥിയിൽ പ്രിതൃക്കൾക്ക് വേണ്ടി തിലഹോമം നടത്തുന്നത് പിതൃ പ്രീതിക്ക് കാരണമാകും.
ശനി ഭഗവാനെ പ്രീതിപ്പെടുത്തുകയാണ് വേണ്ടത്, ഭയക്കുകയല്ല. അതിനാൽ ഒരു ആചാര്യനെ കണ്ട് നിങ്ങളുടെ ഗ്രഹസ്ഥിതിയിൽ ശനി ഭഗവാന്റെ സ്ഥാനം എവിടെ എന്ന് കണ്ടെത്തി അതിനനുസരിച്ചുള്ള പരിഹാരങ്ങൾ ചെയ്യുക.നിശ്ചയമായും ഭഗവാൻ കൈ വിടില്ല.
ശനിയുടെ ഗുണഫലങ്ങൾ നടക്കുന്ന സമയത്തു വിനയം കൈവിടാതെ ഇരിക്കുക. നല്ല സമയത്തു പണവും പ്രതാപവും തരുമ്പോൾ അഹങ്കാരം കാണിക്കുന്നവരെ ശനിഭഗവാൻ തിരഞ്ഞു പിടിച്ചു ശിക്ഷിക്കും, തർക്കമില്ല.
ഇതും വായിക്കുക
ശനിയുടെ വക്രഗതി നിങ്ങൾക്കെങ്ങനെ ഭാഗം 2
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Saturn Retrograde 2024 Prediction by Jayarani E.V















