കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അപകീർത്തി കേസ് നൽകി ഗവർണർ ആനന്ദ ബോസ്. മമതയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയാണ് ഗവർണർ കൊൽക്കത്ത ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. രാജ്ഭവനിൽ അടുത്തിടെ നടന്ന സംഭവങ്ങൾ കാരണം സ്ത്രീകൾ അവിടേക്ക് പോകാൻ മടിക്കുന്നുവെന്നായിരുന്നു മമതയുടെ വിവാദ പരാമർശം. സമാന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയ ചില തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയും ഗവർണർ കേസ് നൽകിയിട്ടുണ്ട്.
ജനപ്രതിനിധികൾ എന്ന നിലയിൽ കുറച്ചെങ്കിലും മാന്യത പുലർത്തണമെന്നും ഇത്തരം നിലവാരമില്ലാത്ത പരാമർശങ്ങൾ ഒഴിവാക്കുകയാണ് വേണ്ടതെന്നും മമതയ്‌ക്ക് ഗവർണർ മറുപടി നൽകിയിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന ഒരു ഭരണതല യോഗത്തിനിടെയായിരുന്നു ഗവർണർക്കെതിരായ മമതയുടെ അധിക്ഷേപ പരാമർശം. സംഭവത്തിൽ ഗവർണർ ആനന്ദബോസ് ശരിയായ തീരുമാനമാണെടുത്തത് എന്ന് ബിജെപി നേതാവ് രാഹുൽ സിൻഹ പറഞ്ഞു. വളരെ മുൻപ് തന്നെ അദ്ദേഹം ഈ തീരുമാനം എടുക്കേണ്ടിയിരുന്നു. അദ്ദേഹത്തെ പൂർണമായും പിന്തുണയ്‌ക്കുന്നതായും രാഹുൽ കൂട്ടിച്ചേർത്തു.
ബംഗാളിൽ മമത സർക്കാരും ഗവർണറും തമ്മിൽ പോര് തുടരുന്നതിനിടെയാണ് പുതിയ വിവാദം. രാജ്ഭവനിലെ ജീവനക്കാരി ഗവർണർക്കെതിരെ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മമതയുടെ ആരോപണം.















