തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന വാർത്തയെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎമ്മിനെതിരെ ഇഡി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇത് തികച്ചും തോന്നിവാസമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നടപടിയെ കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“പാർട്ടി ഓഫീസ് പിടിച്ചെടുക്കാനാണ് ഇഡി ശ്രമിക്കുന്നത്. തികച്ചും രാഷ്‌ട്രീയ പ്രേരിതമായ കാര്യമാണ്. സിപിഎമ്മിന്റെ പേരിൽ പഴിചാരി രക്ഷപ്പെടാനുള്ള ബോധപൂർവമായ പ്രവർത്തനമാണ് നടക്കുന്നത്. തെളിവ് കിട്ടാതിരിക്കുമ്പോൾ തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള സമീപനമാണ് ഇഡി സ്വീകരിക്കുന്നത്. ഒരു പുകമറ സൃഷ്ടിക്കാനാണ് ഇതൊക്കെ ചെയ്ത് കൂട്ടുന്നതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
ഒരു ബ്രാഞ്ച് കമ്മിറ്റിയോ ഏതെങ്കിലും ഒരു ലോക്കൽ കമ്മിറ്റിയോ ഓഫീസ് നിർമിക്കുന്നതിന് വേണ്ടി സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ അത് പാർട്ടി ജില്ലാ കമ്മിറ്റിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുന്നത്. ഏത് ബ്രാഞ്ച് ഓഫീസിന്റെ രേഖ എടുത്ത് പരിശോധിച്ചാലും അത് പാർട്ടിയുടെ പേരിലായിരിക്കും. ലോക്കൽ കമ്മിറ്റിയുടെ ഭാഗമായുള്ള ഭൂമിയുടെ രേഖ ജില്ലാ സെക്രട്ടറിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുക.
ഇത് രാഷ്‌ട്രീയമായും നിയമപരമായും നേരിടും. നിലവിൽ ഒരു നോട്ടീസും കിട്ടിയിട്ടില്ല. ലോക്കൽ കമ്മിറ്റി നിർമിക്കുന്ന ഓഫീസ് ഫണ്ട് പിരിച്ചാണ് നിർമിക്കുന്നത്. എല്ലാ രേഖയും പാർട്ടിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുന്നത്. കേസ് എന്ത് അടിസ്ഥാനത്തിലാണ് സിപിഎമ്മിന് എതിരായി വരുന്നതെന്നും എം വി ഗോവിന്ദൻ ചോദിച്ചു. ഒരു ബ്രാഞ്ച് കമ്മിറ്റിയോ ലോക്കൽ കമ്മിറ്റിയോ സ്ഥലം വാങ്ങുന്നത് സെക്രട്ടറിയുടെ പേരിലാണ്. കേരളത്തിലുടനീളം അങ്ങനെ തന്നെയാണ്. ഇത് വച്ചുകൊണ്ട് പാർട്ടിക്കെതിരായി എങ്ങനെയാണ് കേസെടുക്കാനാവുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.