പാലക്കാട്: അവധി ചോദിച്ചതിന് കീഴുദ്യോഗസ്ഥനെ അധിക്ഷേപിച്ച് സിഐ. പാലക്കാട് പാടകിരി സ്റ്റേഷനിലെ സിപിഒ സന്ദീപിനെയാണ് സിഐ കിരൺ ശ്യാം അധിക്ഷേപിച്ചത്. പത്ത് ദിവസത്തെ അവധി ചോദിച്ചതിനെ തുടർന്നാണ് അധിക്ഷേപം. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായത്. സന്ദീപിന്റെ ബൈക്കിന്റെ താക്കോൽ സിഐ ഊരിയെടുത്തതായും പരാതിയുണ്ട്. സന്ദീപിന്റെ പരാതിയിൽ സിഐയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ്പി നിർദേശം നൽകി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജോലിഭാരം കൂടിയതിനാലാണ് സന്ദീപ് പത്ത് ദിവസത്തെ അവധി ചോദിച്ചത്. അവധി ആവശ്യപ്പെട്ടതും സിഐ മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് സന്ദീപിന്റെ പരാതിയിൽ പറയുന്നത്. അവധി നിഷേധിച്ചതോടെ താൻ മെഡിക്കൽ അവധിയെടുക്കാമെന്ന് പറഞ്ഞ് സന്ദീപ് പുറത്തേക്ക് ഇറങ്ങി. ഇയാളെ പിന്തുടർന്നെത്തിയ സിഐ സന്ദീപിന്റെ ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ സംഭവത്തിൽ ഇടപെടുകയും ചെയ്തു.
നീ വെറും പീറ പൊലീസാണ് എന്നുൾപ്പെടെ സിഐ പറഞ്ഞുവെന്നാണ് സന്ദീപിന്റെ പരാതിയിൽ പറയുന്നത്. ഷൊർണൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്. ഇതിന് മുമ്പും സിഐ കിരൺ ശ്യാമിനെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉൾപ്പെടെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.















