ന്യൂഡൽഹി: ലഡാക്കിൽ 5 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. “ലഡാക്കിൽ നദി മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 5 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ അഗാധമായ ദുഃഖമുണ്ട്. ധീരരായ സൈനികർ രാജ്യത്തിന് നൽകിയ മാതൃകാപരമായ സേവനം ഒരിക്കലും മറക്കില്ല. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എന്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു. ഈ ദുഃഖവേളയിൽ രാജ്യം അവരോടൊപ്പം നിലകൊള്ളും “, രാജ്‌നാഥ് സിംഗ് എക്‌സിൽ കുറിച്ചു.
അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ടുവും അനുശോചനമറിയിച്ച് രംഗത്തെത്തിയിരുന്നു.”ലഡാക്കിലെ ന്യോമ- ചുസുൽ മേഖലയിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം സൈന്യത്തിന്റെ ടി -72 ടാങ്കർ ഒഴുക്കിൽപ്പെട്ട് 5 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ അഗാധമായ ദുഃഖമുണ്ട്. നമ്മുടെ ധീരരായ സൈനികരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു”, പേമ ഖണ്ടു എക്‌സിൽ കുറിച്ചു.
ശനിയാഴ്ച ലഡാക്കിൽ സൈനികാഭ്യാസത്തിനിടെയാണ് അപകടം നടന്നത്. സൈനിക കേന്ദ്രത്തിലുള്ള T-72 ടാങ്ക് ഉപയോഗിച്ച് നദി മുറിച്ചു കടക്കുമ്പോൾ അപ്രതീക്ഷിതമായി ജലനിരപ്പുയരുകയായിരുന്നു. നാല് ജവാന്മാരും ഒരു ജൂനിയർ കമീഷൻഡ് ഓഫീസറുമാണ് അപകടത്തിൽ വീരമൃത്യു വരിച്ചത്.