തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ. കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത്.
പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണം. ചട്ടം ലംഘിച്ചാണ് പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയതെന്നും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം കോളേജ് അധികൃതർ മറികടന്നെന്നും പരാതിയിൽ പരാമർശിക്കുന്നു. ഇന്നലെ വൈകിട്ട് രാജ്ഭവനിലെത്തിയായിരുന്നു സിദ്ധാർത്ഥിന്റെ കുടുംബം പരാതി നൽകിയത്.
സംഭവത്തിൽ വിശദമായ പരിശോധന നടത്തി ആവശ്യമായ നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ പ്രതികരിച്ചു. സർവകലാശാലയുടെ ഭാഗത്ത് നിന്ന് പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള സമീപനമുണ്ടായ സാഹചര്യത്തിലായിരുന്നു സിദ്ധാർത്ഥിന്റെ കുടുംബം വീണ്ടും ഗവർണറെ കാണാൻ തീരുമാനിച്ചത്. അതേസമയം സിദ്ധാർത്ഥിന്റെ മാതാപിതാക്കളുടെ പരാതി സർവകലാശാല വി.സിക്ക് അയക്കുമെന്ന് ഗവർണറുടെ ഓഫീസ് വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിദ്ധാർത്ഥിനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കോളേജിലെ സീനിയേഴ്സ് പലതവണ മർദ്ദിക്കുകയും പരസ്യ വിചാരണ ചെയ്ത് അപമാനിക്കുകയും ചെയ്തതായി പിന്നീട് കണ്ടെത്തി. സിദ്ധാർത്ഥിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് നിയമപോരാട്ടത്തിന് ഇറങ്ങിയതോടെ കേസിൽ നിരവധി എസ്എഫ്ഐ വിദ്യാർത്ഥികൾ പിടിയിലായി. ഇവരെ പരീക്ഷയെഴുതാൻ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കുടുംബം വീണ്ടും പരാതി ഉന്നയിച്ചിരിക്കുന്നത്.