ന്യൂഡൽഹി: അമർനാഥ് യാത്ര തുടരുന്ന തീർത്ഥാടകർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമർനാഥ് യാത്ര തീർത്ഥാടകരിൽ ഊർജ്ജം പകരട്ടെയെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഇന്ന് രാവിലെ ജമ്മുവിലെ ഭഗവതി നഗറിൽ നിന്നാണ് തീർത്ഥാടകരുടെ രണ്ടാം ബാച്ച് അമർനാഥിലേക്ക് യാത്ര തിരിച്ചത്.
” അമർനാഥ് യാത്ര തുടരുന്ന എല്ലാ തീർത്ഥാടകർക്കും ആശംസകൾ നേരുന്നു. അമർനാഥ് ബാബയെ ദർശിക്കാൻ എല്ലാവർക്കും സാധിക്കട്ടെ. അമർനാഥ് യാത്ര തീർത്ഥാടകർക്ക് ഊർജ്ജം പകരുന്നു. ശിവഭഗവാന്റെ അനുഗ്രഹത്താൽ എല്ലാ ഭക്തജനങ്ങളും അഭിവൃദ്ധി പ്രാപിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു”.- പ്രധാനമന്ത്രി കുറിച്ചു.
തീർത്ഥാടകരുടെ രണ്ടാം ബാച്ച് സേനയുടെ അകമ്പടിയോടെയാണ് താഴ്‌വരയിലേക്ക് പുറപ്പെട്ടത്. 1,881 തീർത്ഥാടകരാണ് രണ്ടാം ബാച്ചിലുള്ളത്. ഇന്നലെ രാവിലെ 4,603 തീർത്ഥാടകരുള്ള ആദ്യബാച്ച് അമർനാഥിലേക്ക് യാത്ര തിരിച്ചിരുന്നു. രണ്ട് ബാച്ചുകളുടെ വാഹനങ്ങൾക്കും സുരക്ഷാ സേനയുടെ അകമ്പടിയുണ്ട്. കനത്ത സുരക്ഷയും മികച്ച ക്രമീകരണങ്ങളുമാണ് തീർത്ഥാടകർക്കായി പൊലീസും, കശ്മീർ പ്രദേശവാസികളും, സുരക്ഷാ സേനയും ചേർന്ന് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.