ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം ഉണ്ടായാൽ പുതിയ മുഖ്യമന്ത്രി വീരശൈവ ലിംഗായത്ത് സമുദായത്തിൽ പെട്ടവനായിരിക്കണമെന്ന് ശ്രീ സൈലയിലെ ശ്രീ ചന്ന സിദ്ധരാമ പണ്ഡിതാരാധ്യ ശിവാചാര്യ സ്വാമികൾ ജൂൺ 28ന് പറഞ്ഞു. കർണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിക്കടുത്തുള്ള യദൂരിൽ സംഘടിപ്പിച്ച മതപരമായ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശ്രീ ശൈല ജഗദ്ഗുരു ശിവാചാര്യ സ്വാമികൾ.
കഴിഞ്ഞ ദിവസം വിശ്വ വൊക്കലിഗര മഹാസംസ്ഥാന മഠാധിപതി ചന്ദ്രശേഖര സ്വാമി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് തന്റെ സ്ഥാനം ശ്രീ ശിവകുമാറിന് വിട്ടുകൊടുക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വീരശൈവ ലിംഗായത്തുകൾ കോൺഗ്രസിന് വോട്ട് ചെയ്തു. സമുദായ നേതാക്കൾ മുഖ്യമന്ത്രിയാകുന്നത് സ്വാഭാവികമാണ്. എം ബി പാട്ടീൽ, ഈശ്വർ ഖണ്ഡ്രെ, എസ്എസ് മല്ലികാർജുൻ, ഷാമനൂർ ശിവശങ്കരപ്പ തുടങ്ങിയ നേതാക്കളിൽ ആരെങ്കിലും മുഖ്യമന്ത്രിയാകണമെന്നും ശിവാചാര്യ സ്വാമികൾ പറഞ്ഞു. നേതൃത്വപരമായ പദവികൾക്കായി ഇവരെ പരിഗണിക്കണം എന്നും അവരുടെ അനുഭവപരിചയം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സ്വാമിജിയുടെ പരാമർശത്തെ നിലവിൽ ദൽഹിയിൽ ഉള്ള സിദ്ധരാമയ്യ തള്ളിപ്പറഞ്ഞു. സ്വാമിജിക്ക് രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ല. ജനാധിപത്യത്തിൽ മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് നിയമസഭാംഗങ്ങളും പാർട്ടിയുമാണ് അല്ലാതെ മതനേതാക്കളല്ലെന്നും അദ്ദേഹം പറഞ്ഞു.















