പത്തനംതിട്ട: വന്യജീവികൾ നാട്ടിൽ ഇറങ്ങിയാൽ വെടിവയ്‌ക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി. മനുഷ്യനെ സംരക്ഷിക്കാൻ കഴിയാത്ത ഒരു നിയമവും അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവ് കെ.പി ഉദയഭാനുവിന്റെ വിവാദ പ്രസ്താവന.
വന്യജീവി ആക്രമിക്കാൻ വന്നാൽ ജീവൻ സംരക്ഷിക്കാൻ വേണ്ടി ചിലപ്പോൾ അവയെ കൊല്ലും. നിയമത്തിന്റെ നൂലാമാലകൾ കാണിച്ച് തങ്ങളെ ഭയപ്പെടുത്തേണ്ട. ഇനി നിയമങ്ങളെ ലംഘിക്കാൻ തന്നെയാണ് തീരുമാനം. വന്യജീവികളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ നിയമവിരുദ്ധമായ കാര്യങ്ങൾ തങ്ങൾ ചെയ്യുമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറി പറഞ്ഞു.
പന്നിയെ വെടിവച്ച് മണ്ണെണ്ണ ഒഴിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പന്നിയെ വെടിവച്ച് കൊന്നാൽ മനുഷ്യർക്ക് കഴിക്കാം. കഴിക്കാവുന്ന മൃഗങ്ങളെ വെടിവച്ച് കൊന്നാൽ മനുഷ്യന് കഴിക്കാം. അതാണ് ലോകരാജ്യങ്ങളിലെ നിയമമെന്നും ഉദയഭാനു ചൂണ്ടിക്കാട്ടി.
പട്ടയഭൂമിയിൽ നിന്ന് മരം മുറിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. അതിനെ തടയാൻ വന്നാൽ പ്രതിരോധിക്കുക തന്നെ ചെയ്യും. എല്ലാ നിയമങ്ങളും മനുഷ്യൻ അംഗീകരിക്കുമ്പോൾ മാത്രമേ നിയമങ്ങൾക്ക് സംരക്ഷണം ഉണ്ടാകൂ. ഫോറസ്റ്റുകാരൻ പറയുന്നതായാലും മറ്റാര് പറയുന്നതായാലും എല്ലാ കൽപനകളെയും ലംഘിക്കാൻ തന്നെയാണ് തീരുമാനമെന്നും കെ.പി ഉദയഭാനു പറഞ്ഞു.















