ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നുണക്കുഴിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇൻസ്റ്റഗ്രാമിലൂടെ മോഹൻലാലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചത്. പോസ്റ്ററിനോടൊപ്പം ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ആശംസകളും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
ഓഗസ്റ്റ് 15-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മലയാളികൾക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകന്റെ ചിത്രത്തിനായി ആരാധകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ‘ലയേഴ്സ് ഡേ ഔട്ട്’ എന്ന ടാഗ് ലൈനോടെ പുറത്തെത്തിയ ഫസ്റ്റ്ലുക്ക് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.
പൊലീസ് ജീപ്പിനുള്ളിൽ നിന്ന് അത്ഭുതത്തോടെ പുറത്തേക്ക് നോക്കുന്ന ബേസിലും ഗ്രേസ് ആന്റണിയുമാണ് ഫസ്റ്റ്ലുക്കിലുള്ളത്. കൂമൻ, ട്വൽത്ത് മാൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ രചന നിർവഹിച്ച കെ ആർ കൃഷ്ണകുമാറാണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കുന്നത്. ആകാംക്ഷ ഉണർത്തുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ പ്രേക്ഷകരുടെ പ്രതീക്ഷയും ഇരട്ടിയാവുകയാണ്.
ബൈജു സന്തോഷ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, അസീസ് നെടുമങ്ങാട്, സെൽവരാജ്, സ്വാസിക, നിഖില വിമൽ, ലെന, ശ്യാം മോഹൻ തുടങ്ങിയ ഒട്ടനവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.