കണ്ണൂർ: ഡിവൈഎഫ്‌ഐ നേതാവായിരുന്ന മനു തോമസിന്റെ വെളിപ്പെടുത്തലുകൾക്ക് മറുപടി ഒറ്റ വാചകത്തിലൊതുക്കി പി ജയരാജൻ. തനിക്കും മകനുമെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ ‘മൗനം വിദ്വാനു ഭൂഷണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ചയ്‌ക്ക് ശേഷമായിരുന്നു പി ജയരാജന്റെ പ്രതികരണം.
മനു തോമസിന്റെ വെളിപ്പെടുത്തലുകളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നും മൗനം വിദ്വാനു ഭൂഷണമെന്നും പി ജയരാജൻ പറഞ്ഞു. മനു തോമസ് ഉയർത്തിയ ആരോപണങ്ങൾ മാദ്ധ്യമപ്രവർത്തകർ ഗുരുതരമായി കാണുന്നു. ഇതിൽ യാതൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം മറുപടി നൽകി.
സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജിനും മകൻ ജെയിൻ രാജിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മനു തോമസ് ഉന്നയിച്ചത്. ഇരുവർക്കും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ആകാശ് തില്ലങ്കേരിയെ പോലുള്ള സ്വർണക്കടത്ത് സംഘങ്ങളെ പാർട്ടി പിന്തുണയ്‌ക്കുന്നുണ്ടെന്നും മനു വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളിൽ വ്യക്തമായ നിലപാട് അറിയിക്കാൻ സിപിഎം പാർട്ടി നേതൃത്വം തയ്യാറായിട്ടില്ല. ഗുരുതര ആരോപണങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ള നേതാക്കൾ ലഘൂകരിക്കാൻ ശ്രമിക്കുകയാണെന്ന വിമർശനങ്ങളും പ്രതിപക്ഷം ഉന്നയിച്ചിരുന്നു.