തിരുവനന്തപുരം: മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് താത്കാലിക ആശ്വാസമായി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഷൊർണൂരിൽ നിന്നും കണ്ണൂരിലേക്കും തിരിച്ചും സർവീസ് നടത്തുന്നതിന് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനാണ് അനുവദിച്ചത്. നിലവിൽ അനുഭവപ്പെടുന്ന തിരക്കിനെ തുടർന്നാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരിക്കുന്നത്.
ജൂലൈ രണ്ട് മുതൽ 31 വരെ ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കും. ജൂലൈ മൂന്ന് മുതൽ ഓഗസ്റ്റ് ഒന്ന് വരെ ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ തിരിച്ചും സർവീസ് നടത്തും. ഷൊർണൂരിൽ നിന്ന് വൈകുന്നേരം 3. 40-ന് പുറപ്പെട്ട് 5.30-ന് കോഴിക്കോടെത്തും. തുടർന്ന് അവിടെ നിന്ന് 7.40 ഓടെ കണ്ണൂരിലെത്തി സർവീസ് അവസാനിപ്പിക്കും. അടുത്ത ദിവസം രാവിലെ 8.10-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9.45- ന് കോഴിക്കോട് വഴി 12.30 -ന് ഷൊർണൂരിൽ സർവീസ് അവസാനിപ്പിക്കുന്ന തരത്തിലാണ് സമയക്രമം.
യാത്രക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിനും, ഓഫീസ് സമയങ്ങളിലെ തിരക്കിനും സ്പെഷ്യൽ സർവീസ് സഹായകമാകുമെന്നും തിരക്ക് കുറക്കാൻ ഒരു പരിധിവരെ സാധിക്കുമെന്നും റെയിൽവേ അറിയിച്ചു.