എറണാകുളം: ഫോട്ടോഗ്രഫിയോട് ഏറെ കമ്പമുള്ള സൂപ്പർതാരം മമ്മൂട്ടി പകർത്തിയ ചിത്രങ്ങളിൽ ഒന്ന് ലേലത്തിന് വച്ചു. ബുൾബുള്ളിന്റെ ചിത്രമാണ് ഫോട്ടോഗ്രാഫറായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ധുചൂഡൻ ഫൗണ്ടഷനും ഞാറ്റുവേല സംഘടനയും ചേർന്ന് നടത്തുന്ന പ്രദർശനത്തിലാണ് മമ്മൂട്ടിയുടെ ചിത്രവും ഇടംപിടിച്ചത്. ഒരുലക്ഷം രൂപയാണ് അടിസ്ഥാന വില. ലേലത്തിലൂടെ എത്ര തുക ലഭിക്കുന്നുവോ അത് മുഴുവനും ഫൗണ്ടേഷനാണ്.
മമ്മൂട്ടിയുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രത്തിന്റെ പ്രദർശനം എറണാകുളത്തെ ദർബാർ ഹാളിലാണ് നടക്കുന്നത്. ജൂൺ 30നാണ് ലേലം.’പാടി പറക്കുന്ന മലയാളം’ എന്ന പേരിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ കിളികളുടെ ഫോട്ടോഗ്രഫി പ്രദർശനമാണ് 27 മുതൽ 30 വരെ നടക്കുന്നത്.
മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി ഇഷ്ടം സിനിമ മേഖലയിൽ ഏറെ പ്രശസ്തമാണ്. നിരവധി സെലിബ്രറ്റികളുടെ ചിത്രങ്ങൾ മമ്മൂട്ടി പകർത്തിയ അവർ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാറുമുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 7വരെയാണ് പ്രദർശനം.23 ഫോട്ടോഗ്രാഫേഴ്സിന്റെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.