തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം നാണക്കേടായെന്നും നഗരഭരണം നഷ്ടപ്പെടുന്ന അവസ്ഥയെന്നും യോഗത്തിൽ വിമർശനമുയർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മേയറിനെതിരെ വിമർശനമുയർന്നത്. കോർപ്പറേഷൻ ഭരണം നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് മേയർ കാര്യങ്ങൾ എത്തിച്ചെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ അപക്വമായ ഇടപെടലാണ് മേയറുടെയും എംഎൽഎയുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്. മേയറുടെ പരിചയക്കുറവ് നഗരഭരണത്തിൽ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വോട്ട് കുറയുന്നതിൽ മേയറുടെ പെരുമാറ്റം കാരണമായെന്നും യോഗത്തിൽ വിലയിരുത്തി.
സംസ്ഥാന സർക്കാരിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. ക്ഷേമ പെൻഷൻ മുടങ്ങിയത് തിരിച്ചടിയായി. ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരായെന്നും വിലയിരുത്തലുണ്ടായി. തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യത്തിന് പണം നൽകുന്നില്ലന്നും വിമർശനം. പൊലീസിൽ സർക്കാരിന് നിയന്ത്രണമില്ലെന്നും പൊലീസിന്റെ പ്രവർത്തനം തോന്നിയപോലെയാണെന്നും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.