കനത്ത മഴയിൽ മണ്ണിടിഞ്ഞ് നേപ്പാളിൽ ഒൻപത് മരണം; എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരും ഓർമ്മയായി

Published by
Janam Web Desk

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ ഒമ്പത് പേർ മരിച്ചു. ഗുൽമി ജില്ലയിലെ മാലിക ഗ്രാമത്തിലാണ് അപകടം നടന്നത്. അപകടത്തിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ മൂന്ന് കുട്ടികളും മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്.

മലയോര മേഖലയിൽ മൂന്നിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രാത്രിയായതിനാൽ വീട്ടുകാർ ഉറക്കത്തിലായിരുന്നു. വീടുകൾ ഉൾപ്പെടെ പൂർണമായി തകർന്നു. ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടാണ് മരണം സംഭവിച്ചത്. ബഗ്‌ലുങ് ജില്ലയിൽ രണ്ട് പേരും സയാങ്ജ ജില്ലകയിൽ രണ്ട് പേരും മരിച്ചതായി പൊലീസ് അറിയിച്ചു.‌ കാഠ്മണ്ഡുവിൽ നിന്ന് 250 കിലോമീറ്റർ മാറിയാണ് ദുരന്തമുണ്ടായ സ്ഥലങ്ങൾ. മലയോര മേഖലകളിലാണ് തുടർച്ചയായ മഴയിൽ കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം നേപ്പാളിൽ കനത്തമഴയെ തുടർന്ന് വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 14 പേർ മരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേപ്പാളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

നേപ്പാളിൽ ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിക്കുന്നത്. ഇത് കാരണം ആയിരക്കണക്കിന് ആളുകൾ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Share
Leave a Comment