ബാർബഡോസിലെ ത്രില്ലിംഗ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകകിരീടം ഇന്ത്യയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. എക്‌സിലൂടെയാണ് ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്നത്. ഇന്ത്യ ലോകക്രിക്കറ്റിലെ പവർ ഹൗസായി മാറിയെന്നും രാജ്യത്തെ കുട്ടികൾക്ക് അവരുടെ സ്വപ്‌നത്തിലേക്ക് എത്താനുള്ള പ്രചോദനമാണ് കിരീടനേട്ടമെന്നും സച്ചിൻ എക്‌സിൽ കുറിച്ചു.
ഇന്ത്യൻ ടീമിന്റെ ജഴ്‌സിയിൽ കൂട്ടിച്ചേർക്കപ്പെടുന്ന ഓരോ നക്ഷത്രങ്ങളും നമ്മുടെ രാജ്യത്തെ കുട്ടികൾക്ക് അവരുടെ സ്വപ്‌നത്തിലേക്ക് എത്താനുള്ള പ്രചോദനമാണ്. ഇന്ന് ഇന്ത്യക്ക് ആ ജേഴ്‌സിയിൽ നാലാമത്തെ നക്ഷത്രവും ലഭിച്ചു. ട്വന്റി20 ലോകകപ്പിലെ രണ്ടാം കിരീടനേട്ടം. വെസ്റ്റിൻഡീസിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പൂർണ്ണതയാണ് കണ്ടത്.
2007 ഏകദിന ലോകകപ്പ് നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അന്ന് വിൻഡീസിൽ വച്ച് നമുക്കേറ്റ ആഘാതത്തിൽ നിന്നും ഇന്ന് ലോകക്രിക്കറ്റിലെ പവർഹൗസായി ഇന്ത്യ മാറി. 2024ൽ ഇന്ന് നമ്മൾ വിജയകിരീടം ചൂടി. എന്റെ സുഹൃത്തായ രാഹുൽ ദ്രാവിഡിനെ കുറിച്ച് ആലോചിക്കുമ്പോൾ വലിയ സന്തോഷമുണ്ട്. 2011 ലോകകപ്പിൽ കളിക്കാൻ രാഹുൽ ദ്രാവിഡിന് സാധിച്ചിരുന്നില്ല. പക്ഷേ ഈ ടി20 ലോകകപ്പ് വിജയത്തിൽ ദ്രാവിഡിന്റെ സംഭാവന വളരെ വലുതാണ്. ഈ നേട്ടത്തിൽ ഞാൻ ഒരുപാട് സന്തോഷവാനാണ്.”- സച്ചിൻ പറഞ്ഞു. 2007-ലെ ലോകകപ്പിൽ ദ്രാവിഡായിരുന്നു ഇന്ത്യൻ ടീം നായകൻ. ലോകകപ്പിന് പുറത്തായതിന് പിന്നാലെ ദ്രാവിഡ് നായകപദവി ഒഴിഞ്ഞിരുന്നു.
”രോഹിത് ശർമ്മയെ കുറിച്ച് പറയാൻ വാക്കുകളില്ല. അവിസ്മരണീയ നായകനാണ് അവൻ. 2023 ഏകദിന ലോകകപ്പ് തോൽവിയിൽ മാനസികമായി തകർന്ന താരങ്ങളെ കൃത്യമായി പ്രചോദിപ്പിച്ച് ടി20 ലോകകപ്പിൽ കിരീടം സ്വന്തമാക്കാൻ അവന് സാധിച്ചു. ടൂർണമെന്റിലെ താരമായ ജസ്പ്രീത് ബുമ്രയും ഫൈനലിലെ താരമായ വിരാട് കോലിയും അർഹിച്ച അവാർഡാണ് സ്വന്തമാക്കിയത്.
”രാഹുൽ ദ്രാവിഡിനൊപ്പം പരസ് മാമ്പ്രെ, വിക്രം റാത്തോർ എന്നിവരും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. 1996-ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചവരാണ് ഇരുവരും. 1996 ബാച്ചിന്റെ കീഴിൽ ഇത്തരമൊരു വിജയം ഇന്ത്യക്ക് കയ്യടക്കാൻ സാധിച്ചതിൽ സന്തോഷം. പരിശീലകർക്കും സപ്പോർട്ടിംഗ് സ്റ്റാഫിനും ബിസിസിഐയ്‌ക്കും മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.”- സച്ചിൻ കൂട്ടിച്ചേർത്തു.