ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുൾപ്പെടെ പത്തിടങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ. മധുരയിലെ ഹിസ്ബ് -ഉത്-തഹ്‌രീർ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് 2021ൽ തമിഴ്‌നാട്ടിൽ നടത്തിയ പരിശോധനയിൽ ഒരു പ്രതി പിടിയിലായിരുന്നു. ഐപിസിയിലെ വിവിധ വകുപ്പുകളും 1967 ലെ നിയമവിരുദ്ധ പ്രവർത്തനം തടയൽ ആക്ടിലെ 13(1) ബി പ്രകാരവുമാണ് കേസെടുത്തിരുന്നത്. മധുരയിലെ തീദിർ നഗർ പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. അന്ന് പിടിയിലായ മുഹമ്മദ് ഇഖ്ബാൽ ഒരു പ്രത്യേക മത വിഭാഗത്തെ അവഹേളിക്കുന്ന, സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാനായി ഒരു ഫേസ്ബുക് അക്കൗണ്ട് ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
2022 മാർച്ചിൽ എൻഐഎ രണ്ട് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ബാവ ബഹ്‌റുദ്ദീൻ,സിയാവുദ്ദീൻ ബാഖവി എന്നീ പ്രതികൾ HuT ഭീകര സംഘടനയിലെ അംഗങ്ങളാണ്. ഇന്ത്യയിലെ ഗവൺമെന്റിനെ അട്ടിമറിച്ച് ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
മെയ് മാസം ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം ഈ സംഘത്തിൽപെട്ട ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ജനാധിപത്യത്തിനെതിരെയും നിയമവാഴ്ചയ്‌ക്കെതിരെയും നീങ്ങുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ആശയപ്രചാരണത്തിനായി യൂട്യൂബ് ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങൾ ഇവർ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. തീവ്ര ഇസ്ലാമിക സംഘത്തിൽപെടുന്നവരാണ് ഹിസ്ബ് ഉത് തഹ്‌റീർ. നിയമങ്ങൾ മനുഷ്യനിർമിതമാണെന്നും ദൈവനിയമമാണ് എല്ലാത്തിലുമുപരിയെന്നുമാണ് ഇവരുടെ വാദം.