ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും. ഫെയ്സ്ബുക്കിലൂടെ ഉണ്ണി മുകുന്ദനാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ 11.11 -ന് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്യുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ പുരുഷ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലെത്തുന്ന ചിത്രം വിനയ് ഗോവിന്ദാണ് സംവിധാനം ചെയ്യുന്നത്. സാമൂഹിക പ്രസക്തിയുള്ള കഥയെ വളരെ രസകരമായിട്ടാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതെന്നാണ് വിവരം. നിഖില വിമലാണ് ചിത്രത്തിലെ നായിക.
ത്രീ കിംഗ്സ്, റോമൻസ്, ഗുലുമാൽ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് വൈ വി രാജീവും അനൂപ് രവീന്ദ്രനും ചേർന്നാണ് ഗെറ്റ് സെറ്റ് ബേബിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്കന്ദ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ ജലീൻ, പ്രക്ഷാലി ജെയിൻ, സജീവ് സോമൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത്.