പീഡനക്കേസ് പ്രതിയെ പാർട്ടിയിൽ തിരിച്ചെടുത്ത സംഭവം; സിപിഎമ്മിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി പൗരസമിതി

Published by
Janam Web Desk

പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ നേതാവിനെ തിരിച്ചെടുത്തതിൽ സിപിഎമ്മിനെതിരെ തിരുവല്ലയിൽ പോസ്റ്റർ പ്രചാരണം. സിപിഎം പ്രാദേശിക നേതാവായിരുന്ന സജിമോനെ തിരിച്ചെടുത്തതിനെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അണികളുടെ എതിർപ്പ് വകവെക്കാതെയാണ് സജിമോനെ നേതൃത്വം തിരിച്ചെടുത്തത്.

തിരുവല്ല പൗരസമിതിയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്ററുകൾ നിരന്നത്. വിവാഹിതയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലായിരുന്നു സജിമോന്റെ പാർട്ടി അംഗത്വം സസ്‌പെൻഡ് ചെയ്തത്. അന്ന് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനയും സജിമോൻ അട്ടിമറിക്കാൻ ശ്രമിച്ചതായി ആരോപണങ്ങൾ ഉയർന്നിരുന്നു.

2022 ൽ വനിതാ സിപിഎം നേതാവിനെ കാറിൽ കയറ്റികൊണ്ടു പോയി ലഹരി നൽകി നഗ്‌ന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്. ഈ രണ്ട് കേസിലും കോടതിയുടെ അന്തിമവിധി വരുന്നതിന് മുമ്പാണ് സജിമോനെ പാർട്ടി തിരിച്ചെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന തോമസ് ഐസക്കിന്റെ പ്രചാരണത്തിലും സജിമോൻ സജീവമായിരുന്നു. ഇതിനെതിരെ പാർട്ടി അണികളുടെ സോഷ്യൽ മീഡിയ, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രതിഷേധം ഉയർന്നിരുന്നു.

പോസ്റ്റർ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് തിരുവല്ല സിപിഎം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിയുടെ പ്രതികരണം. പോസ്റ്ററുകൾ പതിച്ചത് ആരാണ് എന്ന് അന്വേഷിക്കും. രാഷ്‌ട്രീയ എതിരാളികൾ പാർട്ടിക്കെതിരെ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്നും ഫ്രാൻസിസ് ആന്റണി പറയുന്നു.

Share
Leave a Comment