മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യുമെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഇത് വളരെ കാലമായിട്ടുള്ള ആഗ്രഹമാണെന്നും മുരളി ഗോപി പറഞ്ഞു. ഒരു അഭിമുഖത്തിനിടെയായിരുന്നു ഇക്കാര്യം പറഞ്ഞത്.
‘മമ്മൂക്കയെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം പ്ലാനിലുണ്ട്. പക്ഷെ, അത് എപ്പോഴാണെന്ന് പറയാൻ കഴിയില്ല. പ്രോജക്ട്സ് ഒക്കെ വരുന്നുണ്ട്. പൃഥ്വിരാജിന്റെയും എന്റെയും ആഗ്രഹമാണ് മമ്മൂട്ടിയെ വച്ചൊരു സിനിമ. ആ കാര്യം ഞങ്ങൾ സംസാരിച്ചിട്ടുമുണ്ട്. അതെപ്പോൾ എങ്ങനെ സംഭവിക്കുമെന്ന് അറിയില്ല. രാജുവിന് രാജുവിന്റേതായ പ്രോജക്ടുകളുണ്ട്. എനിക്ക് എന്റെതായതും.
സിനിമ ചെയ്യുന്നതിന് മമ്മൂക്ക അടക്കമുള്ളവർ ഒരു പ്രചോദനമാണ്. എനിക്കൊരു പാട്രിയാർക്കിയൽ ഫീലുള്ള ആളാണ് അദ്ദേഹം. പഴയ-പുതിയ കാലങ്ങളുടെ ഒരു യഥാർത്ഥ സങ്കലനം ഉള്ള ആളാണെന്നും തോന്നിയിട്ടുണ്ട്. വളരെ നാടൻ ശൈലിയിലുള്ള മനുഷ്യനെ അയാളിൽ കാണാൻ കഴിയും. അച്ഛന്റെ അടുത്തിരിക്കുന്ന ഫീലാണ് മമ്മൂട്ടിയിൽ നിന്നും കിട്ടുന്നത്. അദ്ദേഹത്തിന്റെ മനസിൽ നമ്മളോടുള്ള സ്നേഹം ഫീൽ ചെയ്യാൻ സാധിക്കും. പക്ഷെ, അത് പ്രകടിപ്പിക്കുന്ന രീതി വേറെ ആയിരിക്കും. എനിക്ക് വളരെ സ്നേഹവും ബഹുമാനവും ഉള്ളൊരു ആളാണ് മമ്മൂട്ടി സാർ.’- മുരളി ഗോപി പറഞ്ഞു.















