തൃശൂർ: ചാവക്കാട് ഒരുമനയൂരിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ചു. വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് സംഭവം.
ചാവക്കാട് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. മുത്തൻമാവിന് സമീപം റോഡരികിലാണ് സ്ഫോടനമുണ്ടായത്. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ചാണ് ബോംബ് നിർമിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരുമനയൂർ സ്വദേശി ഷെഫീക്കിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.