എറണാകുളം: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ്. ഇടവേള ബാബുവിന് പകരക്കാരനായാണ് സിദ്ദിഖ് എത്തുന്നത്. 25 വർഷത്തിന് ശേഷമാണ് അമ്മയ്‌ക്ക് പുതിയ ജനറൽ സെക്രട്ടറിയെ ലഭിക്കുന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതു യോഗത്തിൽ വോട്ടെടുപ്പിലൂടെ സിദ്ദിഖ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കുക്കു പരമേശ്വർ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. എന്നാൽ ഭൂരിപക്ഷ പിന്തുണ സിദ്ദിഖിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വോട്ടെടുപ്പിലൂടെ സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിച്ചത്. ഇതിൽ മഞ്ജുപിള്ളയെ പിന്തള്ളികൊണ്ട് ജഗദീഷും ജയൻ ചേർത്തലയും വോട്ടെടുപ്പിൽ വിജയിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും, ബാബുരാജും മത്സരിച്ചിരുന്നു. തുടർന്ന് നടത്തിയ വോട്ടെടുപ്പിൽ ബാബുരാജ് വിജയിച്ചു. അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെയും ട്രഷററായി ഉണ്ണിമുകുന്ദനെയും ഏകകണ്‌ഠേമായി നേരത്തെ തെരഞ്ഞെടുത്തിരുന്നു.