ഗവർണർക്കെതിരെ കേസ്; വിസിമാർ ചെലവിട്ടത് 1.13 കോടി; സ്വന്തം പോക്കറ്റിൽ നിന്നല്ല, യൂണിവേഴ്‌സിറ്റി ഫണ്ടിൽ നിന്ന്

Published by
Janam Web Desk

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ കോടതി കയറാൻ വിസിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവാക്കിയത് 1.13 കോടി രൂപ. വ്യക്തിപരമായ കേസിനായാണ് ഭീമമായ തുക ഫണ്ടിൽ നിന്ന് ചെലവഴിച്ചത്. നിയമനം അസാധുവാക്കിയ ഗവർണറുടെ നടപടി ചോദ്യം ചെയ്യാൻ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും വിസിമാർ സമീപിച്ചിരുന്നു. ഈ ഇനത്തിൽ ഉപയോ​ഗിച്ച യൂണിവേഴ്സിറ്റി ഫണ്ടിന്റെ കണക്കാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ വെളിപ്പെടുത്തിയത്.

കണ്ണൂർ വിസി ആയിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രൻ 69 ലക്ഷം രൂപ, കുഫോസ് വിസി ആയിരുന്ന റിജി ജോൺ 36 ലക്ഷം രൂപ, സാങ്കേതിക സർവ്വകലാശാല വിസി യായിരുന്ന ഡോ. എം.എസ്. രാജശ്രീ 1.5 ലക്ഷം രൂപ, കാലിക്കറ്റ് വിസി ഡോ. എം.കെ. ജയരാജ് 4.25 ലക്ഷം രൂപ, കുസാറ്റ് വിസി ഡോ. കെ. എൻ. മധുസൂദനൻ 77,500 രൂപ, മലയാളം സർവകലാശാല വിസിയായിരുന്ന ഡോ. വി. അനിൽകുമാർ ഒരു ലക്ഷം രൂപ, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി വിസി ഡോ. മുബാറക് പാഷ 53,000 രൂപ എന്നിങ്ങനെയാണ് ചെലവാക്കിയ തുകയുടെ കണക്ക്. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട കേസിന് എട്ടുലക്ഷം രൂപ കണ്ണൂർ യൂണിവേഴ്‌സിറ്റി ഫണ്ടിൽ നിന്നും ചെലവാക്കിയിട്ടുണ്ട്.

സർക്കാർ ഉദ്യോഗസ്ഥർ കോടതി ചെലവുകൾ സ്വന്തം നിലയ്‌ക്ക് വഹിക്കണമെന്നാണ് ചട്ടം. ചാൻസലറായ ഗവർണറുടെ ഉത്തരവിനെ ചോദ്യംചെയ്യുന്നതിന് യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് തുക എടുക്കുന്നത് നിയമവിരുദ്ധമാണ്. ചെലവിട്ട തുക ബന്ധപ്പെട്ട വിസിമാരിൽ നിന്നോ, സിൻഡിക്കേറ്റ് അംഗങ്ങളിൽനിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

 

Share
Leave a Comment