പട്ന: ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. മോദി സർക്കാരിലൂടെ മാത്രമേ ബിഹാറിൽ വികസനം സാധ്യമാവുകയുള്ളൂവെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് നിരവധി വാഗ്ദാനങ്ങൾ നൽകി. എന്നിട്ടും ജനങ്ങൾ അവരെ പിന്തള്ളി. ബിഹാറിലെ ഭൂരിഭാഗം സീറ്റുകളിലും എൻഡിഎ വിജയിച്ചു. 2025 ഒക്‌ടോബർ-നവംബർ മാസങ്ങളിലായിരിക്കും ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്തുണയോടെയും നേതൃത്വത്തിലൂടെയും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
ബിഹാറിന് പ്രത്യേക പദവി അനുവദിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യും. വർഷങ്ങളായുള്ള സംസ്ഥാനത്തിന്റെ ആവശ്യം അദ്ദേഹത്തോട് ഉന്നയിക്കും. ഞങ്ങൾക്ക് വിശ്വാസമുള്ള നേതാവാണ് പ്രധാനമന്ത്രി. കാലങ്ങളായുള്ള ഞങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി മാറ്റേണ്ട വ്യവസ്ഥകളെ കുറിച്ച് അദ്ദേഹവുമായി ചർച്ച നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.