ഭോപ്പാൽ: നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജലസേചന പദ്ധതി നടപ്പിലാക്കുന്നതിന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പാർബതി-കാളിസിന്ധ്-ചമ്പൽ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന 72,000 കോടിയുടെ പദ്ധതിയ്‌ക്കാണ് തുടക്കമിട്ടത്. ഭോപ്പാലിൽ നടന്ന പൊതു പരിപാടിയിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
രാജസ്ഥാനിലെ 13 ജില്ലകൾക്കും മദ്ധ്യപ്രദേശിലെ മാൾവ, ചമ്പൽ മേഖലകൾക്കും ഈ പദ്ധതി പ്രയോജനമാകും. രണ്ട് സംസ്ഥാനങ്ങളിലും കുറഞ്ഞത് 2.8 ലക്ഷം ഹെക്ടർ പ്രദേശത്തെ ജലസേചനത്തിന് ഇത് സഹായിക്കും.
മൊറേന, ഗ്വാളിയർ, ഷിയോപൂർ, രാജ്ഗഡ് എന്നിവിടങ്ങളിലുൾപ്പെടെ 13 ജില്ലകളിൽ പ്രയോജനമുണ്ടാകും. ഈ പദ്ധതിയിലൂടെ മറ്റ് ജലസേചന സൗകര്യങ്ങളും വിപുലീകരിക്കുമെന്ന് കരാറിൽ ഒപ്പുവച്ച ശേഷം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും വികസനത്തിന്റെ പുതിയ അദ്ധ്യായത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പദ്ധതി ഇരു സംസ്ഥാനങ്ങൾക്കും പ്രയേജനമാകുമെന്നും സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പറഞ്ഞു. രാജസ്ഥാനിലെ ഖാടു ശ്യാം ക്ഷേത്രം മുതൽ മദ്ധ്യപ്രദേശിലെ ഉജ്ജയിനി മഹാകാൽ ശിവക്ഷേത്രം വരെ ഇടനാഴി നിർമിക്കാനുള്ള പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.















