നടൻ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറിന്റെ വിവാഹത്തിന് മുന്നോടിയായി മെഹന്ദി ആഘോഷങ്ങൾ നടന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്നലെയാണ് ആഘോഷ പരിപാടികൾ നടന്നത്. മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. രാധികാ ശരത് കുമാറിന്റെ മകൾ റയാനെയാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
വരലക്ഷ്മിയും നിക്കോലയുമുൾപ്പെടെ എല്ലാവരും പച്ചനിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ നിക്കിന്റെ കുടുംബത്തെ പൂക്കൾ നൽകിയാണ് ശരത് കുമാറും രാധികയും സ്വാഗതം ചെയ്തത്. നൃത്തം ചെയ്തും മധുരം പങ്കിട്ടും മെഹന്ദി ആഘോഷിച്ചു. ഇതിനിടെ ഗില്ലി സിനിമയിലെ ‘അപ്പടി പോട്’ എന്ന ഗാനത്തിന് ശരത് കുമാർ ചുവടുവയ്‌ക്കുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
നാളെ ചെന്നൈയിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. അടുത്തിടെയായിരുന്നു വരലക്ഷ്മിയുടെയും നിക്കിന്റെയും വിവാഹനിശ്ചയം നടന്നത്. 14 വർഷത്തെ സൗഹൃദബന്ധം പിന്നീട് പ്രണയമാവുകയായിരുന്നു. വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. രജനികാന്ത്, കമൽഹാസൻ തുടങ്ങിയ നിരവധി സെലിബ്രിറ്റികളെയും വിവാഹത്തിന് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.















