എറണാകുളം: താര സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നെന്ന് നടൻ ജഗദീഷ്. പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും നേതൃത്വനിരയിലേക്ക് കൊണ്ടുവരുവാൻ ആഗ്രഹിച്ചെങ്കിലും ഇരുവരും പിന്മാറിയെന്നും ജഗദീഷ് പറയുന്നു. എറണാകുളത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘അമ്മ നേതൃത്വത്തിൽ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നു. പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ആലോചിച്ചതാണ്. എന്നാൽ, തിരക്ക് കാരണം ഇരുവരും പിന്മാറി. ഇരുവരും വിസമ്മതം അറിയിച്ചതോടെയാണ് പ്രസിഡൻറ് സ്ഥാനത്ത് തുടരാൻ മോഹൻലാലും തീരുമാനിച്ചത്.
കമ്മിറ്റിയിൽ വനിതകളെ ഉൾപ്പെടുത്തുന്നതിലും അഭിപ്രായവ്യത്യാസമില്ല. പരിഭവിച്ച് മാറി നിൽക്കുന്നവരെയും സഹകരിച്ച് മുന്നോട്ട് കൊണ്ടു പോകും. അമ്മയിലെ മത്സരത്തിന് പിന്നിൽ, രാഷ്‌ട്രീയ ചേരിതിരിവ് ഇല്ല.’- ജഗദീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറായി ജഗദീഷിനെയും ജയൻ ചേർത്തലയെയും തെരഞ്ഞെടുത്തിരുന്നു. ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെയും ജോയിന്റ് സെക്രട്ടറിയായി ബാബുരാജിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി മോഹൻലാലും ട്രഷറർ ആയി ഉണ്ണി മുകുന്ദനും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.