നാഗ് അശ്വിന്റെ ‘കൽക്കി 2898 എഡി’ എന്ന ബ്രഹ്മാണ്ഡചിത്രം തീയറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്‍. കൽക്കിയിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച മഹാഭാരത ഇതിഹാസത്തിലെ അശ്വത്ഥാമാവ് എന്ന പോരാളിയുടെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം ബോക്സ് ഓഫീസ് ഹിറ്റായതോടെ യഥാർത്ഥത്തിൽ ആരാണ് അശ്വത്ഥാമാവ് എന്നുള്ള അന്വേഷണം സൈബർ ലോകത്ത് തകൃതിയായി നടക്കുകയാണ്.
മഹാഭാരത ഇതിഹാസത്തിലെ പാണ്ഡവരുടെയും കൗരവരുടെയും ഗുരുവായ ദ്രോണാചാര്യരുടെയും ഗുരുപത്നികൃപിയുടെയും മകനാണ് അശ്വത്ഥാമാവ്. കൃപർ എന്ന ആചാര്യന്റെ സഹോദരിയാണ് കൃപി.ദ്രോണപുത്രൻ, ഗുരുപുത്രൻ, കൃപികുമാരൻ, ആചാര്യപുത്രൻ, ദ്രൗണി എന്നീ പേരുകളിൽ അദ്ദേഹത്തെ ഇതിഹാസങ്ങളിൽ പരാമർശിക്കുന്നു.
തന്റെ അസാധാരണമായ ജനനം കൊണ്ടും നേതാവിനോടുള്ള അചഞ്ചലമായ വിശ്വസ്തത കൊണ്ടും, എതിർപക്ഷത്തോടുള്ള വിവാദപരമായ പക കൊണ്ടും അടയാളപ്പെടുത്തിയ മഹാഭാരതത്തിലെ ഏറ്റവും ആകർഷകമായ വ്യക്തിത്വമാണ് അദ്ദേഹം. ഈ പ്രത്യേകതകൾ ഒക്കെ അശ്വത്ഥാമാവിനെ സങ്കീർണ്ണമായ ഒരു കഥാപാത്രമാക്കി മാറ്റുന്നു.
ഇപ്പോൾ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള പ്രസിദ്ധമായ തപകേശ്വർ മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്താണ് അശ്വത്ഥാമാവ് ജനിച്ചത്. തപകേശ്വർ ക്ഷേത്രത്തിന് 6000 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ദ്വാപരയുഗത്തിൽ ഈ ക്ഷേത്രം ഒരു വനത്തിലെ ഗുഹയായിരുന്നു.ശിവന്റെ അതേ വീര്യമുള്ള ഒരു പുത്രനെ ലഭിക്കാൻ വേണ്ടി ദ്രോണാചാര്യൻ ശിവനെ പ്രീതിപ്പെടുത്തുന്നതിനായി വർഷങ്ങളോളം കഠിനമായ തപസ്സു ചെയ്തു. അതിനാൽ ഈ ഗുഹയെ ദ്രോണ ഗുഹ എന്നാണ് വിളിക്കുന്നത്. ഗുഹയിൽ പ്രകൃതിദത്തമായ ഒരു ശിവലിംഗമുണ്ട് , അത് പിന്നീട് പ്രാദേശിക ജനങ്ങളുടെ ആരാധനാലയമായി മാറി.
അശ്വത്ഥാമാവ് ദിവ്യാനുഗ്രഹങ്ങളോടെയാണ് ഈ ഗുഹയിൽ ജനിച്ചത്. നിലവിളിക്കുന്നതിനു പകരം കുതിരയെപ്പോലെ ചിനച്ചു കൊണ്ടാണ് അദ്ദേഹം ഭൂജാതനായത്. അതോടെ അദ്ദേഹത്തിന് ‘കുതിരയുടെ ശബ്ദമുള്ളവൻ’ എന്നർത്ഥം വരുന്ന അശ്വത്ഥാമാവ് എന്ന പേര് ലഭിച്ചു. ജനനസമയത്ത്, അശ്വത്ഥാമാവിന്റെ നെറ്റിയിൽ ഒരു ദിവ്യ രത്നം ഉണ്ടായിരുന്നു. ആ ചൂഡാമണി അദ്ദേഹത്തെ അജയ്യനും അനശ്വരനുമാക്കി. മനുഷ്യനെക്കാൾ താഴ്ന്ന എല്ലാ ജീവജാലങ്ങളുടെയും മേൽ അദ്ദേഹത്തിന് അധികാരം നൽകിയത് ആ രത്നമാണ്. ഇത് ഉള്ളത് കൊണ്ട് വിശപ്പ്, ദാഹം, ക്ഷീണം, വാർദ്ധക്യം, രോഗങ്ങൾ, ആയുധങ്ങൾ എന്നിവയിൽ നിന്ന് അദ്ദേഹത്തിന് സംരക്ഷണവുമായി.
ദ്രോണർ പാണ്ഡവർക്കും കൗരവർക്കും ഒപ്പം പരിശീലിപ്പിച്ച അശ്വത്ഥാമാവ് ഒരു ശക്തനായ യോദ്ധാവായി ഉയർന്നു. അശ്വത്ഥാമാവിന് നാരായണാസ്ത്രം , ബ്രഹ്മാസ്ത്രം , ബ്രഹ്മശിരസ്ത്രം തുടങ്ങി നിരവധി ദിവ്യായുധങ്ങൾ അദ്ദേഹത്തിന് സ്വായത്തമായി. പ്രത്യേകിച്ച് നാരായണാസ്ത്രത്തിലും ബ്രഹ്മാസ്ത്രത്തിലും അദ്ദേഹത്തിന് അപാരമായ വൈദഗ്‌ദ്ധ്യം ഉണ്ടായിരുന്നു. മൂത്ത കൗരവ രാജകുമാരനായ ദുര്യോധനനോട് അചഞ്ചലമായ വിശ്വസ്തത പുലർത്തിയ അശ്വത്ഥാമാവ് അദ്ദേഹവുമായി ശക്തമായ ആത്മബന്ധം പങ്കിട്ടു.
മഹാഭാരത യുദ്ധത്തിൽ കൗരവരെ പിന്തുണച്ച അദ്ദേഹം കൗരവ സൈന്യത്തിന്റെ അവസാനത്തെ സേനാധിപതി കൂടിയായിരുന്നു. യുദ്ധത്തിന്റെ 18-ാം ദിവസം, ദുര്യോധനന്റെ അവസ്ഥ കണ്ടു ക്രൂദ്ധനായ ദ്രൗണി പാണ്ഡവർക്ക് പകരം ദ്രൗപദിയുടെ അഞ്ച് പുത്രന്മാരെ കൊന്നു. അങ്ങിനെ ദുര്യോധനന്റെ അവസാന ആഗ്രഹം നിറവേറ്റാൻ നോക്കി. അതിനു ശേഷം അശ്വത്ഥാമാവ് വേദവ്യാസ മുനിയുടെ ആശ്രമത്തിൽ പോയി ഇരുന്നു.
അദ്ദേഹത്തെ അന്വേഷിച്ച് പാണ്ഡവർ വേദവ്യാസ മുനിയുടെ ആശ്രമത്തിൽ എത്തിയപ്പോൾ, അശ്വത്ഥാമാവ് പാണ്ഡവരുടെ നേരെ ബ്രഹ്മാസ്ത്രം തൊടുത്തു. അത് മഹർഷി തടഞ്ഞു, ദിശ മാറ്റാൻ ആവശ്യപ്പെട്ടു. അപ്പോൾ അശ്വത്ഥാമാവ് ആ ബ്രഹ്മാസ്ത്രം അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ ഗർഭപാത്രത്തിനു നേരെ തിരിച്ചു. ഇതുകണ്ട് ക്ഷുഭിതനായ ശ്രീകൃഷ്ണൻ ഉത്തരയുടെ ഗര്ഭത്തിലെ ശിശുവിനെ പുനരുജ്ജീവിപ്പിച്ചു. എന്നിട്ട് അശ്വത്ഥാമാവിന്റെ നെറ്റിയിലെ രത്നം പറിച്ചെടുത്തു.എന്നിട്ട് നെറ്റിയിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുമായി കലിയുഗത്തിന്റെ അവസാനം വരെ, നിത്യ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും ജീവിക്കാൻ ശപിച്ചു. ഈ ശാപത്താൽ അശ്വത്ഥാമാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നാണ് സങ്കൽപം.
അശ്വത്ഥാമാവ് ഇപ്പോഴും നർമ്മദാ ഘട്ടിന് ചുറ്റും അലഞ്ഞു നടക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഹിന്ദു മത ഗ്രന്ഥങ്ങൾ അനുസരിച്ച്, വിഷ്ണുവിന്റെ പത്താമത്തെയും അവസാനത്തെയും അവതാരമായ കൽക്കി, കലിയുഗത്തിന്റെ അന്ത്യം കുറിക്കും. അശ്വത്ഥാമാവ് അനശ്വരനാണെന്നും ഇന്നും അദ്ദേഹം ഒരു രഹസ്യസ്ഥലത്ത് താമസിച്ച് പരമശിവനെക്കുറിച്ച് തപസ്സു ചെയ്യുന്നുണ്ടെന്നും പറയപ്പെടുന്നു.
മഹാനായ യോദ്ധാവ് അശ്വത്ഥാമാവ് അനശ്വരനായത് ഏതെങ്കിലും വരം കൊണ്ടല്ല. എന്നത് ഒരത്യേകം പ്രസ്താവ്യമാണ്.അദ്ദേഹത്തെ പക എന്ന വികാരത്തിന്റെ പ്രതിപുരുഷൻ ആയി കണക്കാക്കപ്പെടുന്നു. അദ്ദേഹം ചിരഞ്ജീവിയും കൂടിയാണ്.