മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം മിസ്റ്റർ എക്സിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മനു ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ ആര്യയാണ് നായക വേഷത്തിലെത്തുന്നത്. ഗൗതം കാർത്തിക്, ശരത് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അതുല്യ രവിയും റെയ്സ വിൽസണും മിസ്റ്റർ എക്സിൽ ഉണ്ടാകുമെന്നാണ് വിവരം. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായെത്തിയ തമിഴ് ചിത്രം അസുരൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ധനുഷിന്റെ അമ്മ വേഷത്തിലെത്തിയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അജിത് പ്രധാന വേഷത്തിലെത്തിയ തുനിവാണ് മഞ്ജു വാര്യരുടേതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം.
അസുരനിലും തുനിവിലും വളരെ മികച്ച പ്രകടനമാണ് മഞ്ജു വാര്യർ കാഴ്ച വച്ചത്. താരത്തിന്റെ പുതിയ ചിത്രത്തിനായി തമിഴ് പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.