അജിത് നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം വിഡാ മുയർച്ചിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് അണിയറപ്രവർത്തകർ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. അജിത് മാസ് ലുക്കിൽ മരുഭൂമിയിലൂടെ നടന്നുവരുന്നതാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്.
തകർപ്പൻ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ പുതിയ ചിത്രത്തിനായി ആരാധകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മഗിഴ് തിരുമേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘വിടാ മുയാർച്ചി’ ഒരു ആക്ഷൻ- ത്രില്ലർ സിനിമയായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വളരെ വ്യത്യസ്തമായതും ശക്തമായതുമായ കഥാപാത്രമായാണ് അജിത് ചിത്രത്തിലെത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. അവസാനഘട്ട ചിത്രീകരണത്തിന്റെ തിരക്കിലാണ് താരങ്ങൾ.
സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങൾ അടുത്തിടെ അജിത്ത് പുറത്തുവിട്ടിരുന്നു. അസർബെയ്ജാനിലാണ് ഷൂട്ടിംഗ് നടക്കുന്നത്. അജിത്ത് പ്രൊഡക്ഷൻ ഹൗസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്.