കണ്ണൂർ: ഷൊർണൂരിനും കണ്ണൂരിനുമിടയിൽ പുതിയ ട്രെയിനുകൾ ഇന്ന് ഓടി തുടങ്ങും. ഇന്ന് വൈകിട്ട് കണ്ണൂരിൽ മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോർഡിനേഷൻ കമ്മിറ്റി പുതിയ ട്രെയിനുകൾക്ക് സ്വീകരണം നൽകും. യാത്രാതിരക്ക് പരിഹരിക്കുന്നതിനായി രണ്ട് പുതിയ റെയിനുകളാണ് ഇന്ന് ട്രാക്കുകളിൽ ഇറങ്ങുക.
ഷൊർണൂർ നിന്ന് വൈകിട്ട് 3.40ന് പുറപ്പെടുന്ന ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് (06031) രാത്രി 7.40നാണ് കണ്ണൂരിലെത്തുന്നത്. 11 സ്റ്റേഷനുകളിൽ ഈ ട്രെയിൻ നിർത്തും. ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തില്ല. ബാക്കിയുള്ള ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഷൊർണൂരിലെത്തുന്ന (06032) ട്രെയിൻ രാവിലെ 8.10നാണ് കണ്ണൂരിൽ നിന്ന് പുറപ്പെടുക. ഉച്ചയ്ക്ക് 12.30ന് ഷൊർണൂരിലെത്തും. ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ട്രെയിൻ സർവീസുള്ളത്.